
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബിനീഷ് കൊടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കാതെ സിപിഐഎം. അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ട് നാലു തവണ ബിനീഷ്‌കൊടിയേരി അപേക്ഷ നല്‍കിയിട്ടും പാര്‍ട്ടിയുടെ സംസ്ഥാന സെന്റര്‍ പരിഗണിക്കാത്ത സാഹചര്യം തുടരുകയാണ്. 2003 മുതല്‍ ബിനീഷ് അംഗത്വത്തിന് ശ്രമം നടത്തുകയാണെന്നാണ് വിവരം.
ലഹരിക്കേസില്‍ കുടുങ്ങുന്നത് വരെ 2009 മുതല്‍ 2020 വരെ ബിനീഷ് കൊടിയേരി പാര്‍ട്ടി അംഗമായിരുന്നു. എന്നാല്‍ കേസോടെ അംഗത്വം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ 2023 ല്‍ ഈ കേസില്‍ നിന്നും ബിനീഷ് കൊടിയേരിയെ കുറ്റവിമുക്തനാക്കി. ഇതോടെ അദ്ദേഹം വീണ്ടും പാര്‍ട്ടിഅംഗത്വത്തിനായി ശ്രമം നടത്തുകയാണ്. എന്നാല്‍ ബിനീഷിന്റെ അംഗത്വം പുതുക്കാന്‍ പാര്‍ട്ടി കൂട്ടാക്കുന്നില്ല. നേരത്തേ തിരുവനന്തപുരം ജില്ലാസമിതിയോഗത്തിലും ബിനീഷിന്റെ അംഗത്വവിഷയം ഉയര്‍ന്നുവരികയും വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായിരുന്നു. എന്നാല്‍ ആലോചിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു ഇതിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത്.
നാലു തവണയാണ് ജില്ലയില്‍ നിന്നും ബിനീഷിന്റെ അപേക്ഷ പാര്‍ട്ടി സെന്ററിലേക്ക് എത്തിയത്. എന്നാല്‍ തീരുമാനം എടുക്കാന്‍ കൂട്ടാക്കുന്നില്ല. മുമ്പ് കേസില്‍പെട്ടവരില്‍ അനേകര്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തുടരുന്നുണ്ട്. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ബിനീഷ് കേസില്‍ കുടുങ്ങിയപ്പോള്‍ പാര്‍ട്ടി വലിയ രീതിയില്‍ വിവാദത്തിലായിരുന്നു. കൊടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന് വിജയിച്ച ടി.കെ. ഗോവിന്ദന്‍ കോടിയേരിയുടെ വീട് അടുത്തിടെ സന്ദര്‍ശിച്ചിരുന്നു.






