
കുടുംബ ജീവിതവും ജോലിയും ഒരുപോലെ കൊണ്ടുപോകുന്നത് എങ്ങനെയെന്ന് പറഞ്ഞ് നടി ജ്യോതിക. ഭർത്താവും നടനുമായ സൂര്യയുടെയും തന്റെയും ജോലി സംബന്ധമായ കാര്യങ്ങൾ നോക്കിയാണ് തങ്ങൾ ഷെഡ്യൂൾ ക്രമീകരിക്കുന്നതെന്നും ജ്യോതിക പറഞ്ഞു. 'സിസ്റ്റം' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൂം ടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് ജ്യോതിക ഇക്കാര്യം പറഞ്ഞത്.
ഒരാൾ ഷൂട്ടിങ്ങിനായി പുറത്തുപോകുമ്പോൾ മറ്റേയാൾ കുട്ടികളെയും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളുമൊക്കെ നോക്കി വീട്ടിൽ തന്നെ നിൽക്കുമെന്നും ജ്യോതിക കൂട്ടിച്ചേർത്തു. "വിവാഹം എന്ന് പറയുന്നത് ഒരു തരത്തിൽ ഒരു ബാലൻസിങ് ആണെന്ന് എനിക്ക് തോന്നുന്നു.
അത് അദ്ദേഹം എന്നെ പിന്തുണയ്ക്കുന്ന കാര്യത്തിൽ മാത്രമല്ല, അദ്ദേഹം ജോലിക്ക് പോകുമ്പോൾ വീടിന്റെ ഉത്തരവാദിത്വം മുഴുവൻ എനിക്കാണ്. എനിക്ക് എപ്പോഴും കുറച്ച് ജോലി ചെയ്യാനാണ് ഇഷ്ടം. പ്രധാനപ്പെട്ട എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഞാൻ വീട്ടിലേക്ക് തിരിച്ച് വരും.
ഞാനൊരു ഔട്ട്ഡോർ ഷെഡ്യൂളിനായി പോകുമ്പോൾ അദ്ദേഹം തിരിച്ച് വരും വീട്ടിലേക്ക്. കുട്ടികളോടൊപ്പം വീട്ടിൽ എപ്പോഴും ഞങ്ങളിൽ ഒരാളുണ്ടാകും. അതുകൊണ്ട് തന്നെ വിവാഹമെന്നാൽ പരസ്പരം കൈകോർത്ത് മുന്നോട്ട് പോകേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു. അങ്ങനെയൊരു ബാലൻസിലാണ് അത് കൊണ്ടുപോകേണ്ടത്". -ജ്യോതിക പറഞ്ഞു. ആമസോൺ പ്രൈം വിഡിയോയിലൂടെ മെയ് 22 നാണ് 'സിസ്റ്റം' എത്തുക.






