
തിരുവനന്തപുരം: അത്ഭുതങ്ങളൊന്നും സംഭവിക്കാതെ പതിനാറാം നിയമസഭയുടെ നാഥനായി യുഡിഎഫിന്റെ മുതിര്‍ന്ന എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നിയമസഭയില്‍ പ്രോട്ടേം സ്പീക്കര്‍ ജി.സുധാകരന് കീഴില്‍ നടന്ന വോട്ടെടുപ്പില്‍ തിരുവഞ്ചൂര്‍ 101 വോട്ടുകള്‍ നേടിയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. തിരുവഞ്ചൂരിന് പുറമേ എല്‍ഡിഎഫിനായി എ.സി. മൊയ്തീനും എന്‍ഡിഎയ്ക്കായി ബി.ബി. ഗോപകുമാറുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. എ.സി. മൊയ്തീന് 35 വോട്ടുകളും ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടുകളുമാണ് കിട്ടിയത്. രാവിലെ 9 മണിയോടെ പ്രോട്ടേം സ്പീക്കര്‍ ജി സുധാകരന്‍ നടപടി തുടങ്ങി. അവസാനം വോട്ടു ചെയ്തത് മോന്‍സ് ജോസഫ് ആയിരുന്നു. 139 എംഎല്‍എ മാര്‍ വോട്ടുരേഖപ്പെടുത്തി.
തിരുവഞ്ചൂരിന് വേണ്ടി നാലു പത്രികകളാണ് സമര്‍പ്പിച്ചത്. എ.സി. മൊയ്തീന് വേണ്ടി രണ്ടു പത്രികകളും ബിജെപി സ്ഥാനാര്‍ത്ഥി ബി.ബി.ഗോപകുമാറി നായി ഒരു പത്രിയും സമര്‍പ്പിക്കപ്പെട്ടു. ആദ്യം വോട്ടുചെയ്തത് മുഖ്യമന്ത്രിയായിരുന്നു. ഒരു വോട്ടുപോലും അസാധുവായില്ല. വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ആനയിച്ച് സീറ്റില്‍ ഇരുത്തി.






