
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ വിവാദത്തിലായ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളെ പിണറായി വിജയന്റെ സുരക്ഷാ ചുമതലയിൽ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായതോടെ അദ്ദേഹത്തിന്റെ 'സെഡ് പ്ലസ്' സുരക്ഷ ഭരണകൂടം പിൻവലിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഗൺമാൻ സന്ദീപിനെ മാറ്റിയത്.
മർദനക്കേസിലെ മറ്റൊരു പ്രതിയായ അനിൽകുമാറിനെ സുരക്ഷാ സംഘത്തിൽ നിലനിർത്തിയിട്ടുണ്ട്. 2023 ഡിസംബർ 15-ന് നടന്ന നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യുവജനസംഘടനാ പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഗൺമാൻമാർക്ക് പകരം രണ്ട് പി.എസ്.ഒ മാരെയാണ് ഇനി പിണറായി വിജയന് അനുവദിക്കുക.
സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന് ഈ മർദനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക എന്നതായിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട സാക്ഷികളുടെയും പരാതിക്കാരുടെയും മൊഴിയെടുപ്പ് ഇന്നുമുതൽ ആരംഭിക്കും.
പരിക്കേറ്റ കെ.എസ്.യു ജില്ലാ പ്രസിഡന്റും നിലവിൽ എം.എൽ.എയുമായ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരോട് നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ മാധ്യമപ്രവർത്തകന്റെ മൊഴിയും സംഘം രേഖപ്പെടുത്തും. മുഖ്യമന്ത്രി പദവിയിലുണ്ടായിരുന്നപ്പോൾ ലഭിച്ചിരുന്ന കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അകമ്പടി സേവിച്ചിരുന്ന എസ്‌കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. വസതിയിലെ പോലീസ് കാവൽ നിലവിലുള്ളതുപോലെ തുടരുന്നതായിരിക്കും.






