
അൽവാർ: ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടെ, നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിയ കുഞ്ഞു സഹോദരിമാർക്ക് ശ്വാസംമുട്ടി ദാരുണാന്ത്യം. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ വൈശാലി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുദാൻപുരിയിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ടിന (8), ലക്ഷ്മി (5) എന്നീ രണ്ട് പെൺകുട്ടികളാണ് മരിച്ചത്. കടുത്ത ചൂടിൽ ഏതാണ്ട് അരമണിക്കൂറോളമാണ് കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിക്കിടന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. കളിക്കിടെ, സമീപത്തെ കാർ സർവീസ് സെന്ററിൽ നിർത്തിയിട്ടിരുന്ന ഒരു കാറിനടുത്തേക്ക് ഇവർ എത്തിപ്പെട്ടു. കാറിന്റെ വാതിൽ തുറന്ന് ഇരുവരും ഉള്ളിൽ കയറിയ ഉടൻ തന്നെ വാതിലുകൾ അബദ്ധത്തിൽ ലോക്കായി. പുറത്ത് കടുത്ത ചൂട് നിലനിന്നിരുന്നതിനാൽ അടച്ചിട്ട കാറിനുള്ളിലെ താപനില മിനിറ്റുകൾക്കകം ക്രമാതീതമായി ഉയരുകയും കാർ ഒരു 'ഹീറ്റ് ചേംബർ' ആയി മാറുകയും ചെയ്തു.
കുട്ടികളെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സർവീസ് സെന്ററിലെ കാറിനുള്ളിൽ അബദ്ധത്തിൽ പെട്ടുപോയ കുട്ടികളെ കണ്ടെത്തിയത്. കണ്ടെത്തുമ്പോഴേക്കും ഇരുവരും കാറിനുള്ളിൽ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസംമുട്ടിയാണ് കുട്ടികൾ മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടികൾ കാറിനുള്ളിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വർഷങ്ങൾക്ക് മുൻപ് അമ്മ നഷ്ടപ്പെട്ട ഈ കുട്ടികളെ പിതാവായ രമേശ് ഒറ്റയ്ക്കാണ് വളർത്തിയിരുന്നത്. ബേഡം സ്വദേശിയായ ഇവർ നിലവിൽ ഖുദാൻപുരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. നാല് വർഷം മുൻപ് ഭാര്യ മരിച്ച രമേശിന്റെ ഏക ആശ്വാസവും ഈ രണ്ട് പെൺമക്കളായിരുന്നു. കളിച്ചുകൊണ്ടിരുന്ന മക്കൾ മിനിറ്റുകൾക്കുള്ളിൽ ജീവനറ്റ ശരീരങ്ങളായി മടങ്ങിയെത്തിയതിന്റെ ആഘാതത്തിലാണ് ഈ പിതാവും നാട്ടുകാരും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






