
സുഹാന ഖാന് ജന്മദിനാശംസകളുമായി സുഹൃത്തും നടിയുമായ ഷനായ കപൂര്‍. യാത്രയ്ക്കിടെ പകര്‍ത്തിയ മനോഹരമായൊരു ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു ഷനായയുടെ ആശംസ.
‘ഹാപ്പി ബര്‍ത്ത്‌ഡേ മൈ സു. ലവ് യു ഫോര്‍ ലൈഫ് ’എന്നാണ് ഷനായ കുറിച്ചത്. ഒപ്പം ഒരു പിങ്ക് ഹൃദയത്തിന്റെ ഇമോജിയും ചേര്‍ത്തിട്ടുണ്ട്. സുഹാനയും ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ടുണ്ട്.
സുഹാന ഖാനും ഷനായ കപൂറും കുട്ടിക്കാലം മുതലേ ഉറ്റ സുഹൃത്തുക്കളാണ്. ഇവരുടെ മാതാപിതാക്കളായ ഷാരൂഖ് ഖാന്‍, സഞ്ജയ് കപൂര്‍, ചുങ്കി പാണ്ഡെ എന്നിവരുടെ കുടുംബങ്ങള്‍ വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ആത്മബന്ധമാണ് മക്കളിലേക്കും പകര്‍ന്നു കിട്ടിയത്. സുഹൃത്തും നടിയുമായ അനന്യ പാണ്ഡെയ്ക്കൊപ്പം ഇരുവരും ഒന്നിച്ച് യാത്രകള്‍ നടത്തുന്നതും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും പതിവാണ്.
സൗഹൃദത്തിനപ്പുറം സിനിമയിലും തങ്ങളുടേതായ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇരു താരങ്ങളും. 2023-ല്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത സോയ അക്തറിന്റെ 'ദി ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാനയുടെ അരങ്ങേറ്റം. അച്ഛന്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന 'കിംഗ്' ആണ് സുഹാനയുടെ അടുത്ത വരാനിരിക്കുന്ന വലിയ പ്രോജക്റ്റ്.
ആംഖോന്‍ കി ഗുസ്താഖിയാന്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഷനായയുടെ ഏറ്റവും പുതിയ ചിത്രമായ 'തു യാ മേന്‍' മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. കൂടാതെ, മോഹന്‍ലാല്‍ നായകനായെത്തിയ 'വൃഷഭ'യിലും ഷനായ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.