
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ വ്യക്തിജീവിതം ആരെയും അസൂയപ്പെടുത്തുന്ന തരത്തിലുള്ളതാണ്. കോടികളുടെ ആസ്തിയുള്ള താരം ധരിക്കുന്ന ഔട്ട്ഫിറ്റുകളും ആക്സസറീസുകളും ചെരുപ്പുകളുമടക്കം ഫാഷന്‍ ട്രെന്‍ഡുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്. കോടികൾ വിലമതിക്കുന്ന ലക്ഷ്വറി വാച്ചുകളുടെ വിസ്മയിപ്പിക്കുന്ന ശേഖരം തന്നെ താരത്തിന് സ്വന്തമായുണ്ട്. പൊതുച്ചടങ്ങുകളിലും അഭിമുഖങ്ങളിലും മറ്റും താരം ധരിക്കുന്ന ലക്ഷ്വറി വാച്ചുകള്‍ ആരാധകര്‍ എന്നും ട്രെന്‍ഡിംഗാക്കാറുണ്ട്. വാച്ച് പ്രേമികളെ അത്ഭുതപ്പെടുത്തുന്ന ബ്രാൻഡുകളാണ് താരത്തിന്റെ കളക്ഷനിലുള്ളത്.
എന്നാല്‍ ഇതിനൊക്കെ മുകളിലാണ് തന്റെ അച്ഛന്റെ വാച്ചെന്ന് പറയുകയാണ് മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ദൃശ്യം 3’ ന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് താരം തനിക്കേറ്റവും പ്രിയപ്പെട്ട വാച്ചിന്റെ മൂല്യത്തെക്കുറിച്ച് സംസാരിച്ചത്. തന്റെ ജീവനേക്കാൾ വിലയേറിയതായി കരുതുന്ന ആ വാച്ച്, പണത്തിന് മീതെ താൻ നെഞ്ചോട് ചേർത്തുപിടിക്കുന്നതാണെന്ന് താരം മനസ്സുതുറന്നത്. തന്റെ അച്ഛൻ വിശ്വനാഥൻ നായരുടെ പഴയൊരു വാച്ചാണ് മോഹൻലാലിന്റെ കൈകളിലെ ഏറ്റവും വലിയ നിധി. ലാലേട്ടന്റെ കൈയില്‍ കെട്ടുന്ന വാച്ചുകള്‍ ഓരോ അഭിമുഖങ്ങള്‍ കഴിയുമ്പോഴും ട്രെന്‍ഡാകുമെന്ന് അവതാരകനായ ആര്‍.ജെ മാത്തുക്കുട്ടി ചോദിച്ചപ്പോഴാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.
‘‘ഇത് എന്റെ അച്ഛന്റെ വാച്ചാണ്, വളരെ പഴയൊരു വാച്ചാണ്. എന്നെ സംബന്ധിച്ച് കോടികളും ലക്ഷങ്ങളുമൊന്നുമല്ല, അതിനേക്കാളൊക്കെ എത്രയോ വലിയ വിലയുണ്ട് ഈ വാച്ചിന്...’’എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘അച്ഛന്റെ വാച്ച് നിധി പോലെ കൊണ്ട് നടക്കുന്ന എല്ലാ മക്കൾക്കും...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മാത്തുക്കുട്ടി ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഏകദേശം 1.12 കോടി രൂപ വിലവരുന്ന ‘ജേക്കബ് ആൻഡ് കോ എപിക് എക്സ് നിയോ-റെറ്റാലിത്’, രണ്ട് കോടിയോളം രൂപ വിപണി വിലയുള്ള ‘റിച്ചാർഡ് മില്ലെ ആർഎം 030 & ആർഎം 11-03 മക്ലാരൻ’, ഒന്നരക്കോടിയോളം വിലമതിക്കുന്ന ‘പാടെക് ഫിലിപ്പ് അക്വാനാട്ട് ട്രാവൽ ടൈം’ ,45 ലക്ഷത്തോളം വിലവരുന്ന ‘ഔഡിമാർ പിഗെ റോയൽ ഓക്ക് & റോയൽ ഓക്ക് ഓഫ്‌ഷോർ’ സീരീസുകള്‍, പ്രൗഢിയുടെ പ്രതീകമായ ‘റോളക്സ് സെല്ലിനി’, ‘യാറ്റ്-മാസ്റ്റർ’ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളടക്കം താരത്തിന്റെ വാച്ച് ശേഖരത്തിലെ ചിലതു മാത്രം.
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ വേദികളിൽ താരം ധരിച്ചെത്തുന്ന അപൂർവ്വമായ ‘മോറിസ് ലാക്രോയിക്സ് ഐക്കോൺ ലിമിറ്റഡ് എഡിഷൻ’ മുതൽ തിളങ്ങുന്ന ഡയമണ്ട് പതിപ്പിച്ച ടൂർബിയോൺ വാച്ചുകൾ വരെ പൊതുവേദികളില്‍ മോഹൻലാലിന്റെ രാജകീയമായ വ്യക്തിത്വവും ആഡംബരങ്ങളോടുള്ള തനതായ അഭിരുചിയും പറയാതെ പറയുന്നതാണ്.
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹൻലാലിന്റെ 66-ാം ജന്മദിനത്തിലാണ് ‘ദൃശ്യം 3’ തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യ ഷോ കഴിഞ്ഞതു മുതല്‍ വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയിലെത്തിയ ദൃശ്യം ആദ്യ ഭാഗം തന്നെ ബ്ലോക്ക്ബസ്റ്റര്‍ വിജയമായിരുന്നു. തുടര്‍ച്ചയായി എത്തിയ ‘ദൃശ്യം 2’വും പ്രേക്ഷകര്‍ സൂപ്പര്‍ഹിറ്റിന്റെ പട്ടികയിലെത്തിച്ചു. ദൃശ്യം ആദ്യ ഭാഗം പുറത്തെത്തി 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മൂന്നാം ഭാഗമെത്തിയത്. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഓപ്പണിങ്ങുകളിൽ ഒന്നായിരിക്കും ദൃശ്യം 3 എന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ജോർജ് കുട്ടിയായി മോഹൻലാൽ, റാണിയായി മീന, മക്കളായ അഞ്ചുവായി അൻസിബ ഹസൻ, അനു എന്ന കഥാപാത്രമായി എസ്തർ അനിൽ എന്നിവരാണ് ദൃശ്യം ഫ്രാഞ്ചൈസിയില്‍ വേഷമിട്ടത്. ആശ ശരത്തും സിദ്ധിഖുമാണ് മറ്റു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടം കൂടി ദൃശ്യം ഫ്രാഞ്ചൈസിക്ക് സ്വന്തം. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ്, കൊറിയൻ ഭാഷകളിലും ദൃശ്യം വ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.






