
ന്യൂഡല്‍ഹി: കലാപ ഗൂഢാലോചനാക്കേസില്‍ തടവില്‍ കഴിയുന്ന ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമ്മയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ജൂണ്‍ 1 മുതല്‍ 3 വരെയുള്ള മൂന്ന് ദിവസത്തേക്കാണ് കോടതി ഇളവ് നല്‍കിയിരിക്കുന്നത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പാടില്ല. ജാമ്യകാലയളവില്‍ ഉമര്‍ ഖാലിദ് പൂര്‍ണ്ണമായും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണം. ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഈ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍കൂട്ടി കൈമാറണം. കൂടാതെ ഫോണിന്റെ ലൊക്കേഷന്‍ എപ്പോഴും ഓണ്‍ ആയിരിക്കണം.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട് അഞ്ച് വര്‍ഷത്തിലേറെയായി ഉമര്‍ ഖാലിദ് ജയിലിലാണ്. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും അമ്മയുടെ ചികിത്സയ്ക്കുമായി 15 ദിവസത്തെ ഇടക്കാല ജാമ്യം തേടിയാണ് ഹൈക്കോടതിയില്‍ എത്തിയത്. ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഡല്‍ഹി കര്‍ക്കര്‍ദൂമ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ അഭയം പ്രാപിച്ചത്. ജാമ്യം നല്‍കാന്‍ തക്ക കാരണങ്ങളില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് മുന്‍പ് ജാമ്യം നിഷേധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം മറ്റൊരു സുപ്രീംകോടതി ബെഞ്ച് രംഗത്തുവന്നിരുന്നു. വിചാരണ നീണ്ടുപോവുകയാണെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന 'നജീബ് കേസി'ലെ സുപ്രധാന വിധി ഇവിടെ ലംഘിക്കപ്പെട്ടുവെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജ്വല്‍ ഭുയ്യാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയില്‍ നിന്നും ഉമറിന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.






