
ന്യൂഡൽഹി: "ചേച്ചി എന്നെ രക്ഷിക്കൂ..." - മരണത്തിന് തൊട്ടുമുമ്പ് വീണ കുമാരി തന്റെ സഹോദരിയോട് ഫോണിൽ പറഞ്ഞ അവസാന വാക്കുകളാണിത്. ഈ കോൾ കട്ടായി കൃത്യം ഏഴ് മിനിറ്റുകൾക്കകം വീണ മരണത്തിന് കീഴടങ്ങി.
പശ്ചിമ ഡൽഹിലിയിലെ ഇന്ദർപുരിയിൽ 28-കാരിയായ വീണ കുമാരിയുടെ മരണം ദുരൂഹ സാഹചര്യത്തിലാണ് സംഭവിച്ചത്. മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ താഴെ വീണെന്നാണ് ഭർത്താവ് രാജു സിംഗ് അവകാശപ്പെടുന്നത്. എന്നാൽ വീണയുടെ കുടുംബം സ്ത്രീധന പീഡനവും ശാരീരിക ഉപദ്രവവും ആരോപിച്ചു രംഗത്തെത്തിയിട്ടുണ്ട്.
മെയ് 18-ന് രാത്രി 9:55-നാണ് വീണ തന്റെ സഹോദരി റീനയെ വിളിച്ച് രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചത്. "ചേച്ചി എന്നെ രക്ഷിക്കൂ. അവർ എന്നെ ഒരുപാട് തല്ലുന്നുണ്ട്. ഞാൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല... അവർ എന്നെ കൊന്നുകളയും," വീണ പറഞ്ഞു. തന്റെ മരണശേഷം ആറുമാസം പ്രായമുള്ള മകനെ നോക്കണമെന്നും വീണ സഹോദരിയോട് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ഫോൺ കട്ടാവുകയായിരുന്നു. റീന തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും വീണയോ ഭർതൃവീട്ടുകാരോ ഫോൺ എടുത്തില്ല. തുടർന്ന് റീന വീണയുടെ വീട്ടിലേക്ക് തിരിച്ചു.
എന്നാൽ കൃത്യം ഏഴ് മിനിറ്റിന് ശേഷം, അതായത് 10:02-ന് വീണയുടെ മരണവാർത്ത ഭർതൃസഹോദരൻ റീനയെ വിളിച്ച് പറഞ്ഞു. ടെറസ്സിൽ നിന്ന് താഴെവീണ് മരിച്ചു എന്നായിരുന്നു സന്ദേശം. ഉത്തർപ്രദേശിലെ സംഭാലിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് വീണയും രാജുവും വിവാഹിതരായത്. 2023 പകുതിയോടെ ഇവർ ഡൽഹിയിലേക്ക് താമസം മാറി. ഇവർക്ക് ആറ് മാസം പ്രായമുള്ള ഒരു ആൺകുട്ടിയുണ്ട്.
വിവാഹജീവിതത്തിന്റെ തുടക്കം മുതൽ ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. വിവാഹസമയത്ത് വീണയുടെ കുടുംബം നൽകിയ സമ്മാനങ്ങളെക്കുറിച്ച് രാജുവും സഹോദരൻ രാജ്കുമാറും എപ്പോഴും പരിഹാസത്തോടെയാണ് സംസാരിച്ചിരുന്നതെന്ന് വീണയുടെ സഹോദരൻ വെളിപ്പെടുത്തുന്നു. രാജ്കുമാർ, തന്റെ ഭാര്യ കൊണ്ടുവന്ന സാധനങ്ങളുമായി വീണയുടെ വീട്ടുകാർ നൽകിയ സാധനങ്ങളെ താരതമ്യം ചെയ്യുമായിരുന്നു. ഇരുവരും ചേർന്ന് വീണയെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഒരിക്കൽ അവരുടെ മർദ്ദനമേറ്റ് വീണയുടെ ചെവിയിലെ കർണ്ണപുടം തകർന്നുപോയി എന്നും സഹോദരൻ വെളിപ്പെടുത്തി.
വീണയുടെ ഭർതൃവീട്ടുകാർക്ക് സ്ത്രീധനമായി ലഭിച്ച തുകയിൽ തൃപ്തിയില്ലായിരുന്നുവെന്നും അവർക്ക് 'റോയൽ എൻഫീൽഡ് ബുള്ളറ്റ്' ബൈക്ക് വേണമായിരുന്നുവെന്നും സഹോദരൻ ആരോപിച്ചു. എന്നാൽ ഇതുവരെ പോലീസിൽ പരാതി നൽകുന്നതിൽ നിന്ന് വീണ തങ്ങളെ തടയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സ്ത്രീധന പീഡന മരണത്തിന് പോലീസ് കേസെടുക്കുകയും ഭർത്താവ് രാജു, സഹോദരൻ രാജ്കുമാർ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.






