
അമേരിക്കയിലെ ലാ ഗ്വേർഡിയ വിമാനത്താവളത്തിന്‍റെ റൺവേയുടെ നടുവിലായി വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വ്യോമഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അധികൃതർ റൺവേ അടിയന്തരമായി അടച്ചിടുകയും വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ഇതോടെ വിമാനത്താവളത്തിൽ വലിയ തോതിലുള്ള സർവീസ് വൈകലും യാത്രാബുദ്ധിമുട്ടും അനുഭവപ്പെട്ടു.
റൺവേ അടച്ചതോടെ നൂറുകണക്കിന് ആഭ്യന്തര-അന്തർദേശീയ വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ബുധനാഴ്ച രാവിലെ 11 മണിയോടെ വിമാനത്താവള അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് റൺവേയ്ക്ക് സമീപം ഈ വലിയ കുഴി കണ്ടെത്തിയത്. അപകടസാധ്യത ഒഴിവാക്കാൻ റൺവേ ഉടനടി അടച്ചുപൂട്ടുകയായിരുന്നു. അടിയന്തര നിർമ്മാണ-എഞ്ചിനീയറിംഗ് വിദഗ്ധർ സ്ഥലത്തെത്തി കുഴി രൂപപ്പെടാനുള്ള കാരണത്തെക്കുറിച്ചും അത് എത്രയും വേഗം പരിഹരിക്കുന്നതിനെക്കുറിച്ചും പരിശോധന നടത്തി.
വിമാന കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ സമയവിവരം മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എയർപോർട്ട് അതോറിറ്റി ഔദ്യോഗിക എക്സിൽ അറിയിച്ചു. എന്നാൽ വിമാനത്താവളത്തിലെ മറ്റ് റൺവേകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.






