
തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഒടുങ്ങിയതിന് പിന്നാലെ, കോണ്‍ഗ്രസില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി. ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണമായ താല്പര്യപ്രകാരമായിരിക്കും പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റ് പദവികളിലെ നിയമനം. ഹൈക്കമാന്‍ഡിന്റെ മാനദണ്ഡങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണ്ണായകമായി മാറിയേക്കും.
നിലവിലെ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ പുതിയ മന്ത്രിസഭയുടെ ഭാഗമായ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ സമഗ്രമായ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നത്. ഇതോടൊപ്പം മന്ത്രിസ്ഥാനം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിന് പകരക്കാരനെയും ഹൈക്കമാന്‍ഡ് നിശ്ചയിച്ചേക്കും.
ഭരണവും സംഘടനയും തമ്മില്‍ സുഗമമായി മുന്നോട്ടുപോകാന്‍, സര്‍ക്കാരുമായി ചേര്‍ന്നുപോകുന്ന ഒരു നേതൃത്വമായിരിക്കണം കെ.പി.സി.സി.ക്ക് ഉണ്ടാകേണ്ടതെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അധ്യക്ഷപദവിയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും അധ്യക്ഷസ്ഥാനത്തേക്ക് താല്പര്യമറിയിച്ച് നിരവധി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
കെ.സി. ജോസഫ്, ബെന്നി ബെഹനാന്‍, ജോസഫ് വാഴയ്ക്കന്‍, ആന്റോ ആന്റണി, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. നിലവില്‍ എം.പി.യായവരെയും എം.എല്‍.എ. ആയവരെയും പാര്‍ട്ടി പദവികളിലേക്ക് പരിഗണിക്കേണ്ടതില്ല എന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍, നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പല പ്രമുഖരും പട്ടികയില്‍ നിന്ന് പുറത്താകും.






