
കോയമ്പത്തൂര്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ലോക തേനീച്ച ദിനാചരണത്തില്‍ ആയിരക്കണക്കിന് തേനീച്ചകളെ മുഖത്ത് വഹിച്ചുകൊണ്ട് ഒരു വിദ്യാര്‍ത്ഥിനി വേറിട്ട അവബോധം സൃഷ്ടിച്ചു. യൂണിവേഴ്‌സിറ്റിയിലെ അഗ്രിക്കള്‍ച്ചറല്‍ എന്റമോളജി വിഭാഗം വിദ്യാര്‍ത്ഥിനിയായ പാകിയ ലക്ഷ്മിയാണ് ക്യാമ്പസിനെ ഒന്നടങ്കം അമ്പരപ്പിച്ചത്. തേനീച്ചകള്‍ മനുഷ്യന്റെ ശത്രുക്കളല്ലെന്നും, അവയെ ഉപദ്രവിക്കാതിരുന്നാല്‍ തിരിച്ച് ആക്രമിക്കില്ലെന്നുമുള്ള സന്ദേശം സമൂഹത്തിന് നല്‍കാനാണ് വിദ്യാര്‍ത്ഥിനി ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്.
'ബീ ബേര്‍ഡിംഗ്' എന്നറിയപ്പെടുന്ന ഈ പ്രക്രിയ കൃത്യമായ പരിശീലനത്തിലൂടെ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. റാണി ഈച്ചയെ മുഖത്തിന് താഴെ നിര്‍ത്തിക്കൊണ്ട് മറ്റ് തേനീച്ചകളെ ആകര്‍ഷിച്ചാണ് പാകിയ ലക്ഷ്മി ഒരൊറ്റ കുത്ത് പോലുമേല്‍ക്കാതെ മിനിറ്റുകളോളം തേനീച്ചകളെ താടി പോലെ മുഖത്ത് വഹിച്ചുനിന്നത്. ചടങ്ങില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കും കുട്ടികള്‍ക്കും വിദ്യാര്‍ത്ഥിനിയുടെ ഈ പ്രവൃത്തി ഒരു പുതിയ അനുഭവവും കൗതുകവുമായി മാറി.
യൂണിവേഴ്‌സിറ്റിയിലെ അഗ്രിക്കള്‍ച്ചറല്‍ എന്റമോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ ചടങ്ങില്‍ തേനീച്ച വളര്‍ത്തുന്നവര്‍, കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരടക്കം നിരവധി പേര്‍ പങ്കെടുത്തു. യൂണിവേഴ്‌സിറ്റി ആക്ടിംഗ് വൈസ് ചാന്‍സലറും രജിസ്ട്രാറുമായ ഡോ. കെ. സുബ്രഹ്മണ്യന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പ്രകൃതിയുടെ കാവല്‍ക്കാരായ തേനീച്ചകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.






