
ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് ഒടുവില്‍ ഐശ്വര്യാ റായ്, കാന്‍ ചലച്ചിത്രമേളയിലെ റെഡ്കാര്‍പ്പറ്റിലെത്തി. 24-ാം തവണയാണ് താരം കാനിലെത്തുന്നത്. അമിത് അഗര്‍വാള്‍ രൂപകല്‍പ്പന ചെയ്ത അതിമനോഹരമായ നീല ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റെഡ് കാര്‍പെറ്റില്‍ എത്തിയത്. ഒപ്പം ദുപ്പട്ടയുമുണ്ടായിരുന്നു.
' ലൂമിനാര' എന്നാണ് ഈ ഔട്ട്ഫിറ്റിന് നല്‍കിയിരിക്കുന്ന പേര്. മെര്‍മെയ്ഡ് ലുക്ക് നല്‍കുന്ന സഫയര്‍ ബ്ലൂ ഗണ്‍ ആണ് ഐശ്വര്യ ധരിച്ചിരുന്നത്. അമിത് അഗര്‍വാളിന്റെ സിഗ്നേച്ചര്‍ ആയ ' ക്രിസ്റ്റല്‍ വെയിന്‍' എംബ്രോയ്ഡറി തന്നെയാണ് ഈ വസ്ത്രത്തിന്റെ പ്രധാന സവിശേഷത. 1,500 മണിക്കൂറിലധികം നീണ്ട ഹാന്‍ഡ് വര്‍ക്കിലൂടെയാണ് ഈ ഡിസൈന്‍ അമിത് വികസിപ്പിച്ചെടുത്തത്.
ഇത്തവണ നടി കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഫെസ്റ്റിവലിന്റെ തുടക്കത്തില്‍ ലോറിയല്‍ പാരീസ് പുറത്തിറക്കിയ പോസ്റ്ററുകളില്‍ ഐശ്വര്യയുടെ ചിത്രം കാണാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. ആലിയ ഭട്ട് ഉള്‍പ്പെടെയുളള മറ്റ് താരങ്ങള്‍ ആദ്യമേ എത്തിയപ്പോള്‍ ഐശ്വര്യ വൈകിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് ഗംഭീര തിരിച്ചുവരവാണ് ഐശ്വര്യ നടത്തിയത്.






