
സ്ത്രീകളെ കേവലം വീട്ടുജോലിക്കാരികളായി മാത്രം കാണുന്ന പുരുഷാധിപത്യ ചിന്താഗതിക്കെതിരെ ഒരു സാധാരണ തെരുവുകച്ചവടക്കാരന് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സൊണാലി സിങ് എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചത്. സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് സൊണാലി ചോദിച്ച ചോദ്യങ്ങള്‍ക്ക് അതിശക്തമായ പ്രതികരണമാണ് ഈ യുവാവ് നല്‍കിയത്.
തെരുവില്‍ ക്രോഷെ പൂക്കള്‍ വില്‍ക്കുന്ന ഈ യുവാവിനോട് 'സ്ത്രീകള്‍ ഇന്നും അടിച്ചമര്‍ത്തപ്പെടുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ 'ഉണ്ട്' എന്നായിരുന്നു മറുപടി. വലിയ വിദ്യാഭ്യാസമവകാശപ്പെടുന്ന പല പുരുഷന്മാരും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുമ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കണ്ണടയ്ക്കുകയാണെന്നും, ഇന്നത്തെ സ്നേഹ പ്രകടനങ്ങളില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയയിലെ വെറും 'ഷോ ഓഫ്' മാത്രമാണെന്നും യുവാവ് തുറന്നടിച്ചു.
വീട്ടുജോലികളിലേക്ക് മാത്രമായി സ്ത്രീകളെ ഒതുക്കുന്ന പുരുഷന്മാരെ യുവാവ് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പ്രസവത്തിന് ശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവികമായ മാറ്റങ്ങളുടെ പേരില്‍ അവരെ ഉപേക്ഷിക്കുന്ന പുരുഷന്മാരുടെ മനോഭാവത്തെയും അദ്ദേഹം ചോദ്യം ചെയ്തു. 'ഒരാളുടെ ശരീരം മാറുമ്പോള്‍ സ്നേഹം ഇല്ലാതാകുമോ?' എന്ന യുവാവിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രശംസയാണ് ഈ യുവാവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ക്ക് പോലും ഇല്ലാത്ത തിരിച്ചറിവാണ് ഈ സാധാരണക്കാരനുളളതെന്ന് നെറ്റിസണ്‍സ് ഒരേസ്വരത്തില്‍ പറയുന്നു. ഈ പ്രശംസകള്‍ക്കിടയില്‍, ഈ യുവാവ് ഇപ്പോള്‍ സ്വന്തമായി ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് തുടങ്ങാനുള്ള പദ്ധതിയിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.






