തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് അനേകലക്ഷം മനുഷ്യരുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റ്.
രാഷ്‌ട്രീയപ്രേരിതവും ജനവിരുദ്ധവുമായ ഈ നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ കേരളത്തില്‍ ശക്‌തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ മുന്നറിയിപ്പ് നല്‍കി.
അഞ്ചു ലക്ഷത്തിലേറെ വീടുകള്‍ യാഥാര്‍ഥ്യമാക്കിയ മാതൃകാ പദ്ധതിയാണു ലൈഫ് മിഷനെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തിലേറെ വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അടുത്ത ഘട്ടത്തില്‍ വീട് ലഭിക്കാനായി രണ്ടുലക്ഷത്തിലധികം കുടുംബങ്ങള്‍ കാത്തിരിക്കുകയാണെന്നും പ്രസ്‌താവനയില്‍ പറയുന്നു. ഇവരുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന നടപടിയാണു യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം.
അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണെന്നും 20 ലക്ഷത്തിലധികം പേര്‍ക്ക് സ്വന്തം വീടെന്ന അഭിമാനബോധം നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാരിനു സാധിച്ചതായും സി.പി.എം അവകാശപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും സമ്മര്‍ദങ്ങള്‍ മറികടന്നാണ് ലൈഫ് മിഷന്‍ മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ പദ്ധതിതന്നെ ഇല്ലാതാക്കാനാണ് യു.ഡി.എഫ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഗ്രാമസഭകളും പഞ്ചായത്തുകളും ചേര്‍ന്നുള്ള വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ് ലൈഫ് ഗുണഭോക്‌താക്കളെ തെരഞ്ഞെടുത്തത്. 2017ലെ അപേക്ഷകരില്‍ ഭൂമിയുള്ള മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കി. ഇപ്പോള്‍ രണ്ടാംഘട്ട പട്ടികയിലെ അപേക്ഷകര്‍ക്കാണു വീടുകള്‍ അനുവദിക്കുന്നതെന്നും സി.പി.എം അറിയിച്ചു.
മാര്‍ച്ച് ആദ്യം വരെ ലൈഫ് മിഷന്‍ വഴി അനുവദിച്ച 6,04,046 വീടുകളില്‍ 5,00,364 എണ്ണം പൂര്‍ത്തിയായി. ശേഷിക്കുന്ന 1,03,682 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ആറുലക്ഷം രൂപയും ജനറല്‍ വിഭാഗത്തിന് നാലുലക്ഷം രൂപയും ഭവനപദ്ധതിയുടെ ഭാഗമായി കേരളം നല്‍കുന്നുണ്ടെന്നും പ്രസ്‌താവനയില്‍ പറയുന്നു.
ലൈഫ് മിഷനൊപ്പം ഹരിത കേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം, ആര്‍ദ്ര കേരള മിഷന്‍ എന്നിവയും പിരിച്ചുവിടുമെന്ന പ്രഖ്യാപനം കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് സി.പി.എം ആരോപിച്ചു. ഇത്തരം നടപടികള്‍ക്കെതിരേ ശക്‌തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്‌തു.






