തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ഫോട്ടോ ഷൂട്ടിനെത്തിച്ച ആന വിരണ്ടോടി കനത്ത നാശനഷ്‌ടം!. നഗരത്തിലും സമീപപ്രദേശങ്ങളിലും ഉള്‍പ്പെട്ട ജനവാസമേഖലകളിലൂടെ ആന ഇടഞ്ഞോടിയതിനെ തുടര്‍ന്ന് കനത്ത നാശനഷ്‌ടമാണുണ്ടായത്.
കൊല്ലത്തുനിന്ന് ഫോട്ടോ ഷൂട്ടിന് എത്തിച്ച ശിവലക്ഷ്‌മി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. തേക്കിന്‍കാട് മൈതാനത്തുനിന്ന് ഇടഞ്ഞോടിയ ആനയെ രണ്ടര മണിക്കൂറിനുശേഷം നഗരത്തില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെ ചേറൂര്‍ ഗാന്ധിനഗര്‍ സ്‌ട്രീറ്റില്‍ ജനവാസമേഖലയിലെ ഒരു വീട്ടുവളപ്പിലാണു തളച്ചത്.
തേക്കിന്‍കാടു മൈതാനത്തുകൂടെ നട ത്തിക്കൊണ്ടുപോകുകയായിരുന്ന ആന കിഴക്കേനടയ്‌ക്കു സമീപത്തുവച്ചാണ് ഇടഞ്ഞോടിയത്. പാറമേക്കാവിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്കിടയിലൂടെ പാലസ് റോഡിലേക്കിറങ്ങി ടൗണ്‍ ഹാളിനുമുന്നിലെത്തി കാര്‍ കുത്തിമറിച്ചു സമീപത്തെ ടൗണ്‍ ഹാളിന്റെ മതിലും തട്ടുകടയും തകര്‍ത്തു. തുടര്‍ന്ന് ചെമ്പൂക്കാവിലൂടെ ചേറൂര്‍ റോഡിലേക്കിറങ്ങി ഗാന്ധിനഗര്‍ സ്‌ട്രീറ്റിലെ ഹൗസിങ് കോളനിയിലേക്കു കടന്നു. ഇവിടെവച്ച് ഇരുമ്പുഷീറ്റ് മേഞ്ഞ കാര്‍ഷെഡുകളും മതിലുകളും ഗേറ്റുകളും വാഹനങ്ങളും തകര്‍ത്തു.
കാറുകള്‍ കുത്തിമറിച്ചിട്ടു. വീട്ടുവളപ്പുകളിലെ മരങ്ങളും വാഴകളും ചെടികളും ആന ചവിട്ടിമെതിച്ചു. റോഡിലൂടെ മാത്രമല്ല, വീടുകളുടെ മതിലുകള്‍ ചാടിക്കടന്നും തകര്‍ത്തുമാണ് ആന ഓട്ടം തുടര്‍ന്നത്. പ്രദേശത്തെ ഒരു വീട്ടുവളപ്പില്‍വച്ചാണ് ആനയെ തളച്ചത്. പെരിങ്ങാവില്‍ അഞ്ചു സ്‌കൂട്ടറുകള്‍ക്കും ഒരു കാറിനും അഞ്ചു വീടുകളുടെ മതിലുകള്‍ക്കും നാശനഷ്‌ടം സംഭവിച്ചു. തൃശൂര്‍ നഗരത്തിലെ പോസ്‌റ്റ് ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശത്തെ ട്രസ് വര്‍ക്കിനും കേടുപാടുകള്‍ വരുത്തി. ഒരു കാറിനും ഒരു ഓട്ടോറിക്ഷയ്‌ക്കും നാശനഷ്‌ടം സംഭവിച്ചു. ടൗണ്‍ഹാള്‍ ഫെന്‍സിങ് ഗ്രില്‍ ഭാഗത്തും കേടുപാട് സംഭവിച്ചിട്ടുണ്ട്.
ആനയുടെ പടമെടുക്കാന്‍ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫര്‍മാരോട് ആനയ്‌ക്കൊപ്പമുണ്ടായിരുന്ന പാപ്പാന്‍മാര്‍ കയര്‍ക്കുകയും ആക്രമിക്കുകയും ചെയ്‌തതായി പരാതി. പാപ്പാന്റെ ആക്രമണത്തില്‍ മനോരമ ഫോട്ടോഗ്രാഫര്‍ വിഘ്‌നേഷിനു പരിക്കേറ്റു. കേരള കൗമുദി ഫോട്ടോഗ്രാഫര്‍ റാഫി എം.ദേവസിയെയും ആക്രമിച്ചു. ഇടഞ്ഞോടുന്നതിനിടെ വാഹനങ്ങളും മറ്റും തകര്‍ക്കുന്നതിനിടെ ആനയുടെ മസ്‌തകത്തിലും തുമ്പിയിലും ചെവിയിലും കൊമ്പിനരികിലും പരുക്കേറ്റു. ഇതില്‍നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. പലരും ആന ഓടിവരുന്നതുകണ്ട് വാഹനങ്ങള്‍ ഉപേക്ഷിച്ചും വഴിതിരിച്ചുപോയുമാണു രക്ഷപ്പെട്ടത്. ആനയ്‌ക്കുമുന്നില്‍പെട്ട ഒരു ഇരുചക്രവാഹന യാത്രികന്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ആന വരുന്നത് കണ്ട് വിരണ്ട് പശു കയര്‍ പൊട്ടിച്ചോടി. ആന ഓടുന്നതിനിടെ പാപ്പാന്‍മാരും നാട്ടുകാരും ആനയുടെ പിന്നാലെക്കൂടി. ചേറൂരില്‍ വീടുകളുടെ മുന്നില്‍ നിലയുറപ്പിച്ച ആനയെ അനുനയിപ്പിക്കാന്‍ പാപ്പാന്‍മാരും ആളുകളും ആ വീടുകളില്‍നിന്നുതന്നെ വെള്ളം ശേഖരിച്ച് ആനയെ നനച്ചുകൊടുത്തിരുന്നു. മതിലുകള്‍ ചാടിക്കടന്ന് ആന പലവീടുകളില്‍ എത്തിയപ്പോഴും അതു തുടര്‍ന്നു. ഇതിനിടെയാണ് ആനപ്പാപ്പാന്‍ വീട്ടുകാരോടും പത്രഫോട്ടോഗ്രാഫര്‍മാരോടും നാട്ടുകാരോടും കയര്‍ത്തത്. വാഹനത്തില്‍ വരുന്നവരോടും വീട്ടുകാരോടും ആളുകള്‍ ആന വിരണ്ടോടുന്ന കാര്യം വിളിച്ചുപറഞ്ഞു മുന്നറിയിപ്പു നല്‍കിക്കൊണ്ടിരുന്നു.
എലിഫന്റ് സ്‌ക്വാഡും സ്‌ഥലത്ത് എത്തിയിരുന്നു. ഇതിനിടെയാണ് ആനയെ പാപ്പാന്‍മാര്‍ വടംകൊണ്ടും ചങ്ങലകൊണ്ടും മരത്തില്‍ തളച്ചത്. നിലവില്‍ വീടുകള്‍ ധാരാളമുള്ള മേഖലയിലാണ് ആനയെ തളച്ചിട്ടുള്ളത്.






