
ന്യൂഡൽഹി:യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പങ്കെടുത്ത ഡൽഹിയിലെ ഒരു പരിപാടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തത്സമയം ഫോണിൽ വരികയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്കുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു "വലിയ ആരാധകനാണ്" താനെന്ന് വ്യക്തമാക്കുകയും ചെയ്തു. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ആം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
വേദിയിൽ സ്ഥാപിച്ച ഭീമാകാരമായ സ്ക്രീനിന് മുന്നിൽ യുഎസ് സ്ഥാനപതി സെർജിയോ ഗോറും റൂബിയോയും നിൽക്കവെയായിരുന്നു ട്രംപിന്റെ ഫോൺ കോൾ: "...സെർജിയോ, നിങ്ങൾ അവിടെ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധിയായിരിക്കണം. എങ്കിലും എല്ലാവർക്കും എന്റെ ഹലോ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പ്രധാനമന്ത്രിയെ ഒരുപാട് ഇഷ്ടമാണ്. മോദി മികച്ചൊരാളാണ്. അദ്ദേഹം എന്റെ സുഹൃത്താണ്," ട്രംപ് പറഞ്ഞു.
"നമ്മൾ ഒരിക്കലും ഇന്ത്യയോട് ഇത്രയടുത്ത് നിന്നിട്ടില്ല. ഇന്ത്യക്ക് എന്നെയും നമ്മുടെ രാജ്യത്തെയും നൂറ് ശതമാനവും വിശ്വസിക്കാം. അവർക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, എങ്ങോട്ടാണ് വിളിക്കേണ്ടതെന്ന് അവർക്കറിയാം. അവർ ഇവിടെയേക്ക് വിളിച്ചാൽ മതി. നമ്മൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. നമ്മൾ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്," ട്രംപ് കൂട്ടിച്ചേർത്തു. "നമുക്കിപ്പോൾ റെക്കോർഡ് സമ്പദ്‌വ്യവസ്ഥയും റെക്കോർഡ് ഓഹരി വിപണിയുമുണ്ട്. ഇന്ത്യ എന്ത് ആഗ്രഹിച്ചാലും അത് അവർക്ക് ലഭിക്കും. പ്രധാനമന്ത്രി മോദിയുടെ ഒരു വലിയ, വലിയ ആരാധകനാണ് ഞാൻ," എന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ്, റൂബിയോയെ "ഏറ്റവും മികച്ച" സ്റ്റേറ്റ് സെക്രട്ടറി എന്ന് പ്രശംസിക്കുകയും ചെയ്തു. എല്ലാവരും ഈ സായാഹ്നം ആസ്വദിക്കൂ. പ്രധാനമന്ത്രി മോദിയോട് സംസാരിക്കാനും ഹലോ പറയാനും കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണെന്ന് അദ്ദേഹത്തെ അറിയിക്കുക."
ശനിയാഴ്ച, ട്രംപിന് വേണ്ടി സെർജിയോ പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന നിരവധി കുടിയേറ്റക്കാരോട് രാജ്യം വിടാനും വിദേശത്തുനിന്ന് സ്ഥിരതാമസത്തിനുള്ള അനുമതിക്ക് (ഗ്രീൻ കാർഡ്) അപേക്ഷിക്കാനും ആവശ്യപ്പെടുന്ന യുഎസിലെ പ്രധാന കുടിയേറ്റ നയമാറ്റത്തിന് തൊട്ടുപിന്നാലെയാണ് മാർക്കോ റൂബിയോയുടെ ഇന്ത്യ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.






