
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു പ്രവര്‍ത്തകർ തമ്മിൽ വൻ സംഘർഷം. എസ്എഫ്ഐയുടെ വിജയ ആഘോഷ പ്രകടനത്തിനിടയിലാണ് സംഘർഷത്തിന്റെ തുടക്കം. കെഎസ്‍യു പ്രവർത്തകർ കല്ലെറിയുകയും പൊലീസിന്റെ വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി എസ്എഫ്ഐ ആരോപിച്ചു. സംഘർഷം നിയന്ത്രണാതീതമായതോടെ സ്ഥിതി ശാന്തമാക്കാൻ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
തെരഞ്ഞെടുപ്പിൽ കേരള സർവകലാശാല യൂണിയൻ ഭരണമാറ്റം കൂടാതെ എസ്എഫ്ഐ നിലനിർത്തി. യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെ ലഭ്യമായിരുന്ന 37 സീറ്റുകളിൽ 35 എണ്ണത്തിലും വൻ വിജയം നേടിയാണ് എസ്എഫ്ഐ ഭരണം നിലനിർത്തിയത്. ചെയർമാൻ പദവി ഉൾപ്പെടെയുള്ള പ്രധാന സീറ്റുകളിലെല്ലാം എസ്എഫ്ഐ മികച്ച ഭൂരിപക്ഷം സ്വന്തമാക്കി. പുതിയ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി എസ്എഫ്ഐയുടെ ശിവ എസ്. തിരഞ്ഞെടുക്കപ്പെട്ടു. സർവകലാശാലയ്ക്ക് കീഴിലെ ഭൂരിഭാഗം ക്യാമ്പസുകളിലും തങ്ങൾക്കുള്ള വലിയ സ്വാധീനമാണ് ഈ ഉജ്ജ്വല വിജയത്തിലൂടെ എസ്എഫ്ഐ ഒരിക്കൽക്കൂടി തെളിയിച്ചത്.
ആകെ മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളുണ്ടായിരുന്നതിൽ ഒരെണ്ണത്തിൽ മാത്രമാണ് കെഎസ്‍യുവിന് ജയിക്കാൻ കഴിഞ്ഞത്. കെഎസ്‍യുവിന്റെ ഫാത്തിമ ഫർഹയാണ് ഈ വൈസ് ചെയർപേഴ്സൺ സീറ്റ് നേടിയത്. തെരഞ്ഞെടുപ്പിൽ ആകെ രണ്ട് സീറ്റുകൾ കൊണ്ട് കെഎസ്‍യുവിന് തൃപ്തിപ്പെടേണ്ടി വന്നു. ഈ വൈസ് ചെയർപേഴ്സൺ പദവിക്ക് പുറമെ അക്കൗണ്ട്സ് കമ്മിറ്റിയിലെ ഒരു സ്ഥാനവും കെഎസ്‍യുവിന് ലഭിച്ചു.






