
മാനന്തവാടി: വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട യുവതിക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചുലക്ഷം രൂപ അടിയന്തിരമായി നല്‍കാനും ബന്ധുക്കള്‍ക്ക് ആശ്രിത നിയമനം നല്‍കാനുമാണ് തീരുമാനം. ഇന്ന് രാവിലെ ജോലിക്ക് പോകുമ്പോള്‍ മുണ്ടക്കൈയില്‍ വെച്ച് കശ്മീര്സ്വദേശി ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്.
ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഷാജിക്കും പരിക്കേറ്റിരുന്നു. രണ്ടാനകള് സ്ഥലത്തുണ്ടായിരുന്നതായിട്ടാണ് സൂചനകള്‍. ഈ മേഖലയില്‍ കാട്ടാനയാക്രമണം പതിവായ സാഹചര്യത്തില്‍ നാട്ടുകാര്‍ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ ശക്തമായ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. അതേസമയം കാട്ടാനയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് ഫെന്‍സിംഗ് നിര്‍മ്മാണം ബുദ്ധിമുട്ടേറിയ കാര്യമായിട്ടാണ് ഡിഎഫ്ഒ നല്‍കിയിരിക്കുന്ന പ്രതികരണം. പ്രശ്നം പരിഹരിക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മാര്‍ഗരേഖ തയ്യാറാക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ചര്‍ച്ചകള്‍ ആരംഭിച്ചെന്നും എല്ലാവരുടേയും സഹായത്തോടെ പരിഹാരം കണ്ടെത്തുമെന്നും ഇക്കാര്യത്തില്‍ മേഖലയിലുള്ള നാട്ടുകാരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ജോലിക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വഴിയില്‍വെച്ച് കാട്ടാനയെ കണ്ടുമുട്ടുകയും ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ജെസ്സിയെ കാട്ടാന ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജസ്സിയുടെ മൃതദേഹം മേപ്പാടി സ്വകാര്യ ആശുപത്രിയിലാണ്. ബത്തേരി ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റുമാര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് കൈമാറും.






