
ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴിതാ മുസ്സൂറിയില്‍ ഓടുന്ന കാറില്‍ നിന്നും മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞ വിനോദസഞ്ചാരികളെ ഒരു പരിസ്ഥിതി പ്രവര്ത്തകന് ചോദ്യം ചെയ്യുന്ന വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ചര്‍ച്ചയാകുന്നത്. പലരും എവിടെയും മാലിന്യം വലിച്ചെറിയുന്നത് ഒരു ശീലമാക്കുമ്പോള്, ഇത്തരം 'സീറോ സിവിക് സെന്‍സ് പെരുമാറ്റങ്ങളെ' ചോദ്യം ചെയ്യാന്‍ ചിലരെങ്കിലും മുന്നോട്ട് വരാറുണ്ട്. ഓടുന്ന ടാക്സിയില്‍ നിന്നും മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ വിനോദസഞ്ചാരികളെ ഒരാള്‍ ചോദ്യം ചെയ്യുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. സാഹചര്യത്തെ ഒട്ടും പ്രകോപിതനാകാതെ, വളരെ ശാന്തതയോടെ കൈകാര്യം ചെയ്ത ഈ മനുഷ്യന് വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പിന്റെ സ്ഥാപകനായ അനൂപ് നൗട്ടിയാല്‍ ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുസ്സൂറിയിലേക്ക് പോകുമ്പോള്‍ ടാക്സിയില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ പ്ലാസ്റ്റിക് കപ്പും സ്പൂണും അടക്കമുള്ള മാലിന്യങ്ങള്‍ വാഹനത്തിന്റെ വിന്‍ഡോയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. സംഭവം കണ്ട് അവഗണിക്കുന്നതിനുപകരം, അനൂപ് തന്റെ വാഹനം നിര്‍ത്തുകയും ആ മാലിന്യങ്ങള്‍ റോഡില്‍ നിന്ന് പെറുക്കിയെടുത്ത്, അത് വലിച്ചെറിഞ്ഞ വിനോദസഞ്ചാരികള്‍ക്ക് തന്നെ നേരിട്ട് കാറിനുള്ളിലേക്ക് തിരികെ നല്കാന് തീരുമാനിക്കുകയുമായിരുന്നു.
വിനോദസഞ്ചാരികളോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ തെറ്റ് സമ്മതിച്ചതായും ഉത്തരാഖണ്ഡില്‍ ഇനി ഇത്തരത്തിലുള്ള പെരുമാറ്റം ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുനല്‍കിയതായും അനൂപ് വ്യക്തമാക്കുന്നു. അതേസമയം, ഉത്തരാഖണ്ഡില്‍ മാത്രമല്ല, ലോകത്ത് എവിടെയാണെങ്കിലും മാലിന്യം ഇങ്ങനെ വലിച്ചെറിയരുത് എന്ന് അദ്ദേഹം ആളുകളെ ഉപദേശിക്കുന്നു. വിനോദസഞ്ചാരികളോട് പരുഷമായി പെരുമാറാതെ തന്നെ കാര്യം അവരെ ബോധ്യപ്പെടുത്തിയതില്‍ നിരവധിപ്പേരാണ് അനൂപിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഒപ്പം, പരിസരം ശുചിയായിരിക്കണമെങ്കില് ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട് എന്നും പലരും വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു.






