
എല്ലാ വര്‍ഷവും മേയ് മാസത്തില്‍ നടക്കുന്ന ആഗോള പക്ഷിനിരീക്ഷണ ദിനമായ 'ഗ്ലോബല്‍ ബിഗ് ഡേ'യില്‍ കൊളംബിയയ്ക്ക് വന്‍ നേട്ടം. ഒറ്റ ദിവസം കൊണ്ട് 1560-ലധികം പക്ഷിയിനങ്ങളെ രേഖപ്പെടുത്തി പെറു, ബ്രസീല്‍, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് കൊളംബിയ ഒന്നാമതെത്തിയത്. ലോകത്താകെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍, അതായത് 1954ല്‍ പരം പക്ഷിയിനങ്ങളുടെ ആവാസകേന്ദ്രമായ കൊളംബിയ ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പക്ഷിവൈവിധ്യമുള്ള രാജ്യമെന്ന ഖ്യാതി ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു.
ആഗോള ജൈവവൈവിധ്യത്തിന്റെ ഏതാണ്ട് 10 ശതമാനവും കൊളംബിയയുടെ ഭൂപരിധിയിലാണ് ഉള്ളത്. ആന്‍ഡീസ് പര്‍വതനിരകള്‍, ആമസോണ്‍ മഴക്കാടുകള്‍, കരീബിയന്‍ പസിഫിക് തീരങ്ങള്‍, മരുഭൂമികള്‍ തുടങ്ങി മുന്നൂറിലധികം വ്യത്യസ്ത ആവാസവ്യവസ്ഥകള്‍ ഇവിടെയുണ്ട്. കടും ഓറഞ്ച് നിറമുള്ള തൂവലുകളുള്ള 'ആന്‍ഡിയന്‍ കോക്ക്ഓഫ്ദിറോക്ക്', അസാധാരണമാംവിധം നീളമുള്ള ചുണ്ടുകളുള്ള വാള്ച്ചുണ്ടന് തേന്‍കുരുവി എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന പക്ഷികളിലൊന്നും കൊളംബിയയുടെ ദേശീയ പക്ഷിയുമായ ആന്‍ഡിയന്‍ കോണ്ടറും, ടൂക്കനുകള്, മക്കാവുകള്‍ തുടങ്ങിയ അപൂര്വ്വയിനങ്ങളും കൊളംബിയന്‍ വനങ്ങളില്‍ സാധാരണയായി കാണപ്പെടുന്നുണ്ട്. സാന്റാ മാര്‍ട്ട പാരക്കീറ്റ് പോലുള്ള അപൂര്‍വ്വ പക്ഷികളെ തേടി ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികളും ഗവേഷകരും എത്തുന്നതോടെ, പക്ഷിസഞ്ചാരം (ബേര്‍ഡ് ടൂറിസം) കൊളംബിയയില്‍ വലിയ സാമ്പത്തികവിനോദസഞ്ചാര പ്രാധാന്യമാണ് നേടുന്നത്.






