
തിരുവനന്തപുരം: എക്സാലോജിക്ക് - സിഎംആര്‍എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളില്‍ ഇ.ഡി. റെയ്ഡും ചോദ്യം ചെയ്യലും നടക്കുന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്ജിന് കേന്ദ്രസേനയുടെ സംരക്ഷണ. റെയ്ഡിനെതിരേ കേരളത്തില്‍ ഉടനീളമായി സിപിഐഎം വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഷോണിന് സിആര്‍പിഎഫ് സംരക്ഷണ നല്‍കുന്നതെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന.
കേസില്‍ ഷോണ്‍ ജോര്‍ജ്ജിന്റെ നിയമപോരാട്ടം കേസിലെ നിര്‍ണ്ണായക ഘടകങ്ങളില്‍ ഒന്നായിരുന്നു. എക്സാലോജിക് കമ്പനി സി.എം.ആര്.എല്ലില്‍ നിന്നും മറ്റ് ചില പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നുമായിരുന്നു ഷോണ്‍ ജോര്‍ജ്ജിന്റെ പ്രധാന ആവശ്യം. ഈ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ ഷോണ്‍ ജോര്‍ജ്ജ് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കമ്പനികളുടെ സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഈ വിഷയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷോണ്‍ ജോര്‍ജ്ജിന്റെ ഹര്‍ജികളും രാഷ്ട്രീയ വിവാദങ്ങളും തുടരുന്നതിനിടയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഈ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. കേസ് നേരത്തേ പിണറായി മുഖ്യമന്ത്രിയായിരുന്ന സാഹചര്യത്തില്‍ മങ്ങിപ്പോയിരുന്നെങ്കിലും ഭരണം നഷ്ടമാതിന് പിന്നാലെ ഹൈക്കോടതി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോതി തള്ളുകയും ചെയ്തതോടെയാണ് റെയ്ഡും പിന്നാലെ സിപിഐഎം പ്രതിഷേധവും ഉണ്ടായിരിക്കുന്നത്.
പിണറായി വിജയനും മകള്‍ വീണ വിജയനും വൈകാതെ തന്നെ അറസ്റ്റിലാകുമെന്നും അവര്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഇന്ന് ഷോണ്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. കേസിന്റെ അന്വേഷണം ഒടുവില്‍ മുന്‍ മുഖ്യമന്ത്രിയിലേക്ക് തന്നെ എത്തിച്ചേരുമെന്നും ഇ.ഡി. ഇനി ശക്തമായി മുമ്പോട്ട് പോകുമെന്നും പറഞ്ഞു. ഇത് രാജ്യസുരക്ഷയെക്കൂടി ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ്. കേവലം ധാതുമണല്‍ കൊള്ള മാത്രമല്ല ഇവിടെ നടന്നിട്ടുള്ളത്, മറിച്ച് ആറ്റോമിക് മിനറല്‍സ് വരെ ഇവിടെ നിന്ന് കടത്തപ്പെട്ട മണലില്‍ അടങ്ങിയിട്ടുണ്ട്. താന്‍ ഉന്നയിച്ച ഈ ആരോപണങ്ങളില്‍ സത്യമില്ലെങ്കില്‍ എന്തുകൊണ്ടാണ് തനിക്കെതിരെ ഇതുവരെ ആരും പരാതി നല്‍കാത്തതെന്നും ചോദിച്ചിരുന്നു.






