
കൊല്‍ക്കത്ത: രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ക്കും വിവിധ ജില്ലകളില്‍ പുറപ്പെടുവിച്ച പുതിയ നാടുകടത്തല്‍ നിര്‍ദ്ദേശങ്ങള്‍ക്കും ഇടയില്‍, വേലി കെട്ടുന്നതിനും ഔട്ട്പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനുമായി 142.79 ഏക്കര്‍ ഭൂമി ബി.എസ്.എഫ്.-ന് കൈമാറി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ഔട്ട്പോസ്റ്റുകളുടെ നിര്‍മ്മാണവും മുള്ളുകമ്പി വേലി കെട്ടലും സുഗമമാക്കിക്കൊണ്ട് അതിര്‍ത്തി സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി ബുധനാഴ്ച പറഞ്ഞു. അതിര്‍ത്തി ജില്ലകളിലെ സ്ഥലമാണ് ബിഎസ്എഫിന് നല്‍കിയത്.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം മുര്ഷിദാബാദിനാണ് ഏറ്റവും കൂടുതല്‍ ഭൂമി ലഭിച്ചത് (38.805 ഏക്കര്‍). തൊട്ടുപിന്നില്‍ ജല്പായ്ഗുരിയും (35.165 ഏക്കര്‍) കൂച്ച് ബെഹാറുമാണ് (22.95 ഏക്കര്‍). കൂച്ച് ബെഹാറില്‍ 22.95 ഏക്കര്‍, ജല്‍പായ്ഗുരിയില്‍ 35.165 ഏക്കര്‍, ഡാര്‍ജിലിംഗില്‍ 8.815 ഏക്കര്‍, ഉത്തര്‍ ദിനാജ്പൂരില്‍ 2.84 ഏക്കര്‍, ദക്ഷിണ് ദിനാജ്പൂരില്‍ 20.1701 ഏക്കര്‍, മാല്‍ഡയില്‍ 10.90 ഏക്കര്‍, മുര്‍ഷിദാബാദില്‍ 38.805 ഏക്കര്‍, നാദിയയില്‍ 0.55 ഏക്കര്‍, നോര്‍ത്ത് 24 പര്‍ഗാനാസില്‍ 2.6 ഏക്കര്‍ എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നതെന്ന് സുവേന്ദു അധികാരിയുടെ എക്സ് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
'കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക' എന്ന നയമാണ് ബംഗാളിലെ ബിജെപി സര്‍ക്കാരിന്റേത്. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരെ അധികൃതര്‍ നടപടി ആരംഭിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹക്കീംപൂര്‍ ചെക്ക്പോസ്റ്റില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര അതിര്‍ത്തി കടന്നുപോകുന്ന സ്ഥലമാണ് ഹക്കീംപൂര്‍ ചെക്ക്പോസ്റ്റ്. താമസിക്കാനോ ജോലി കണ്ടെത്താനോ കഴിയാത്ത സാഹചര്യത്തില്‍ പലരും മടങ്ങുകയാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, പിടികൂടപ്പെടുന്ന വിദേശികള്‍ക്കും ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തലോ തിരിച്ചയക്കലോ കാത്തിരിക്കുന്ന വിദേശ തടവുകാര്‍ക്കും വേണ്ടി ഹോള്‍ഡിംഗ് സെന്ററുകള്‍ സ്ഥാപിക്കാന്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മേയ് 23-ന് പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം, രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നതായി കണ്ടെത്തിയവരെയും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി നാടുകടത്താന്‍ കാത്തിരിക്കുന്നവരെയും പാര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെയും രോഹിങ്ക്യകളെയും നാടുകടത്തുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടക്കൂട് അനുസരിച്ച് അധികൃതര്‍ പ്രവര്‍ത്തിക്കണമെന്നും വ്യക്തമാക്കുന്നു.






