
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ അക്രമിച്ച സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇ.ഡി വിലയിരുത്തല്‍. ഡിജിപിയെ വിളിച്ചുവരുത്തിയ ആഭ്യന്തരമന്ത്രി പോലീസ് ഉന്നതനെ വിളിപ്പിച്ച് വിശദീകരണം തേടുകയും വീട്ടിലെത്തി സന്ദര്‍ശിച്ച ഡിജിപി പോലീസ് വീഴ്ചയില്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഒരു പ്രകോപനവുമില്ലാതെ, ഇഷ്ടികകളും ഇരുമ്പുവടികളും ഉപയോഗിച്ചാണ് അക്രമികള്‍ തങ്ങളുടെ വാഹനങ്ങള്‍ തകര്‍ത്തതെന്ന് ഇ.ഡി സംഘം പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തരമായി ഇടപെടുകയും ഡി.ജി.പിയെ നേരിട്ട് വിളിപ്പിക്കുകയും ചെയ്തു. വടികൊണ്ടുള്ള അടിയില്‍ ഒരു ഇ.ഡി ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ഡി.ജി.പി ആഭ്യന്തരമന്ത്രിക്ക് നേരിട്ട് വിശദീകരണം നല്‍കും. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് നാല് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ.ഡി റെയ്ഡിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. റെയ്ഡ് സംഘവും സി.ആര്.പി.എഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് വാഹനങ്ങളാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്.
ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാരകായുധങ്ങളുമായി പ്രതികള്‍ നിയമവിരുദ്ധമായി സംഘം ചേരുകയായിരുന്നു. ഇവര്‍ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തത് കൊല്ലടാ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു. വാഹനത്തിന്റെ ഡ്രൈവറെ ഇഷ്ടികകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം നടന്നു. അക്രമം തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലേറും വടിയുപയോഗിച്ചുള്ള ആക്രമണവുമുണ്ടായി.






