
തിരുവനന്തപുരം: പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇഡി സംഘത്തെ ആക്രമിച്ച സംഭവം പിണറായിക്കെതിരെയുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സൂത്രമാണെന്ന് ബിജെപി നേതാവും നടനുമായ ദേവൻ. ഇഡിക്കെതിരായ ആക്രമണം പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സിപിഐഎം, ഡിവൈഎഫ്ഐ സൂത്രമാണെന്ന് ദേവൻ പ്രതികരിച്ചു.
എന്നാൽ, സംഭവത്തിലൂടെ നെഗറ്റീവ് ഇംപാക്ട് ആണ് സിപിഐഎമ്മിനും ഡിവൈഎഫ്ഐക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ മുന്‍ മുഖ്യമന്ത്രി വലിയൊരു ഇഷ്യുവിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കാന്‍ വേണ്ടി അവരുടെ പാര്‍ട്ടിയും ഡിവൈഎഫ്ഐയും കൂടി ചേര്‍ന്ന് ചെയ്തതായിട്ടാണ് എനിക്ക് തോന്നുന്നത്.
പാര്‍ട്ടിയില്‍ തന്നെ പിണറായിയെ ഒറ്റപ്പെടുത്താനുള്ള ധാരാളം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ കമ്മിറ്റികളിലും അത് വളരെ പ്രകടമായി നമ്മള് കാണുന്നുണ്ട്. പിണറായി വിജയന് പ്രതിപക്ഷ നേതാവാകരുത് എന്ന് എല്ലാവരും പറയുകയാണ്. പിണറായി വിജയന് പ്രശ്നമുണ്ടാക്കാന്‍ വേണ്ടി ഇത് സിപിഐഎമ്മും ഡിവൈഎഫ്ഐയും ഒത്തുകളിച്ച് ഉണ്ടാക്കിയൊരു നാടകം തന്നെയാണിതെന്നാണ് തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായിട്ടായിരുന്നു പിണറായിയുടെ വീട്ടിൽ നിന്ന് മടങ്ങിയ ഇഡി സംഘത്തിനു നേർക്ക് ആക്രമണം നടന്നത്. വീടിനു മുന്നിൽ പ്രതിഷേധിച്ചവർ സമാധാനപരമായി പിരിഞ്ഞുപോവുകയാണ് എന്ന ധാരണ സൃഷ്ടിച്ചശേഷം പെട്ടെന്ന് അക്രമാസക്തരാവുകയായിരുന്നു.






