
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടന് വിജയ്യുടെ ഓരോ നീക്കങ്ങളും രാഷ്ട്രീയ നിരീക്ഷകര്‍ സസൂക്ഷ്മം വിലയിരുത്തുന്നതിനിടെ, പുതിയൊരു വിവാദത്തില്‍ കൂടി പെട്ടിരിക്കുകയാണ് താരം. പ്രമുഖ തമിഴ് വാര്‍ത്താ ചാനലായ 'പുതിയ തലമുറൈ'യെ സര്‍ക്കാരിന്റെ ഔദ്യോഗിക കേബിള്‍ ശൃംഖലയായ 'അരശ് കേബിള്‍ ടിവി'യില്‍ നിന്ന് നീക്കം ചെയ്തതാണ് ഇപ്പോള്‍ വന്‍ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വിലക്കിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്ന പല കാരണങ്ങളുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും, നീലാങ്കരയിലെ വസതിയില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ യാത്രകള്‍ പൊതുജനങ്ങള്‍ക്കും പൊലീസിനും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചാനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെ, യാതൊരുവിധ മുന്‍കൂര്‍ നോട്ടീസും നല്‍കാതെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേബിള്‍ നെറ്റ്വര്ക്കില് നിന്ന് ചാനലിനെ ഒഴിവാക്കിയത്.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ വിജയ്, മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതിരുന്നതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിമാര്‍ സാധാരണയായി ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട് വിവരങ്ങള്‍ വിശദീകരിക്കുന്ന പതിവുണ്ട്. എന്നാല്‍ ഈ കീഴ്വഴക്കം ലംഘിച്ച് വിജയ് മടങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ചാനലിനെതിരെയുള്ള സര്‍ക്കാരിന്റെ നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും ജനാധിപത്യവിരുദ്ധവുമാണെന്ന് ചാനല്‍ അധികൃതരും മാധ്യമ സംഘടനകളും ആരോപിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ഈ നടപടി തിരുത്തി ചാനല്‍ അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പരസ്യപ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്കി. വിവാദങ്ങള്‍ക്കിടയിലും സംസ്ഥാന വികസനത്തിനായുള്ള ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, തമിഴ്നാട്ടിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി കൂടുതല്‍ കേന്ദ്രഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടു.






