
തിരുവനന്തപുരം: സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനവേളയില്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഈ നടപടി ലോക്ഭവനെയും ഗവര്‍ണറെയും ഭരണഘടനയെയും അപമാനിക്കലാണെന്നും സര്‍ക്കാര്‍ ജമാ അത്തെ ഇസ്ളാമിയുടേയും സിപിഐഎമ്മിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് ബിജെപി എംഎല്‍എ വി. മുരളീധരന് പറഞ്ഞു.
വി.ഡി. സതീശന് മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാവേളയില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതാണ്. പിന്നെ എന്നു മുതലാണ് ദേശീയഗീതത്തോട് സര്‍ക്കാരിന് അയിത്തമായി തുടങ്ങിയതെന്നും ചോദിച്ചു. നേരത്തേ ഗവര്‍ണറുടെ നയപ്രഖ്യാപന വേളയില്‍ ദേശീയഗീതം മുഴുവനുമായി ആലപിക്കണമെന്നായിരുന്നു സര്‍ക്കാരിന് ലോക്ഭവന് നല്‍കിയിരുന്ന നിര്‍ദേശം. അത് പാലിക്കാത്തതില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചടങ്ങില്‍ ഗീതല്‍ ആലപിച്ച പോലീസ്ബാന്റ് രണ്ടുവരി മാത്രമാണ് വായിച്ചത്.
നേരത്തേ വന്ദേമാതരം മുഴുവനായി സത്യപ്രതിജ്ഞാ ചടങ്ങില്‍ ആലപിച്ചത് തങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നായിരുന്നു വി.ഡി. സതീശന് നടത്തിയ പ്രതികരണം. വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ അവതരിപ്പിക്കുന്നത് ആര്‍എസ്എസ്് അജണ്ഡയാണെന്ന് ഇന്ന് നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവും പ്രതികരിച്ചിരുന്നു. സര്‍ക്കാരിനും പ്രതിപക്ഷത്തിനും വന്ദേമാതരത്തിന്റെ കാര്യത്തില്‍ ഒരേ തീരുമാനം ആണെന്നിരിക്കെ വരും ദിവസങ്ങളില്‍ സഭയിലെ മൂന്നാമത്തെ കക്ഷികളായ ബിജെപി സര്‍ക്കാരിനെതിരേ വലിയ ആയുധമാക്കിയേക്കും.






