
മൂത്ത മകള്‍ അവന്തികയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറും ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയും. ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രിയെ നേരില്‍ കണ്ടാണ് ഖുശ്ബുവും കുടുംബവും ക്ഷണക്കത്ത് കൈമാറിയത്. ഖുശ്ബുവിനും ഭര്‍ത്താവിനുമൊപ്പം വധുവരന്മാരായ അവന്തികയും ശ്രാവണ്‍ ശ്രീനിവാസനും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
തന്റെ തിരക്കുപിടിച്ച ഔദ്യോഗിക ഷെഡ്യൂളുകള്‍ക്കിടയിലും കുടുംബത്തെ കാണാന്‍ സമയം അനുവദിച്ചതിനും വധൂവരന്മാരെ അനുഗ്രഹിച്ചതിനും ഖുശ്ബു പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് ഖുശ്ബു പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയോടൊപ്പം പുഞ്ചിരിയോടെ നില്ക്കുന്ന വധൂവരന്മാരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
‘ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ ഇന്ന് ഡല്‍ഹിയില്‍ വെച്ച് കാണാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ ബഹുമതിയുണ്ട്. ഞാനും എന്റെ ഭർത്താവ് മിസ്റ്റർ സുന്ദർ സിയും ചേർന്ന്, ഞങ്ങളുടെ മകളുടെ വരാനിരിക്കുന്ന വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചു. പ്രധാനമന്ത്രി ദമ്പതികളെ സ്നേഹപൂര്‍വ്വം അനുഗ്രഹിച്ചു. തന്റെ തിരക്കുപിടിച്ച ഷെഡ്യൂളുകള്‍ക്കിടയിലും ഞങ്ങള്‍ക്കായി സമയം നീക്കിവെച്ചതിന് അദ്ദേഹത്തോട് ഞങ്ങള്‍ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു. ഞങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു, വിനീതരുമാണ്. നന്ദി പ്രധാന് മന്ത്രി ജി,’ - ഖുശ്ബു കുറിച്ചു.
2000-ല്‍ ആയിരുന്നു ഖുശ്ബുവിന്റെയും സുന്ദര്‍ സിയുടെയും വിവാഹം. അവന്തിക, ആനന്ദിത എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. അതേസമയം മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് അഭിനയരംഗത്തേക്ക് ചുവടുവെക്കുകയാണ് അവന്തിക. 'ആരംഭം' എന്ന മലയാള ചിത്രത്തിലൂടെയാണ് അവന്തികയുടെ അരങ്ങേറ്റം. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.






