
ന്യൂഡല്‍ഹി : സൗത്ത് ഡല്‍ഹിയിൽ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരം. അപകട സ്ഥലത്ത് നിന്ന് 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മെസ് നടത്തിപ്പുകാരിയായ സ്ത്രീ അടക്കം ആറുപേരെ കാണാനില്ല. കൂടുതൽപ്പേരും മെഡിക്കൽ വിദ്യാർഥികളാണെന്നാണ്ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള ബഹുനില കെട്ടിടമാണ് തകർന്നത്.ശനിയാഴ്ച വൈകുന്നേരം ഏഴോടെയാണ് അഞ്ച് നില വാണിജ്യ കെട്ടിടം പൂർണമായും തകർന്നു വീണത്. കോച്ചിംഗ് സെന്ററുകൾ, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. കെട്ടിടം തകർന്നു വീണത് വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തൊട്ടടുത്തുള്ള താൽക്കാലിക കാന്റീന് മുകളിലേക്കാണ്.
മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.കോൺക്രീറ്റ് സ്ലാബുകളും കമ്പികളും മുറിച്ചുമാറ്റാൻ വലിയ യന്ത്രങ്ങളും, ആളുകളെ കണ്ടെത്താൻ സ്നിഫർ നായ്ക്കളെയും ക്യാമറകളെയും ഉപയോഗിക്കുന്നുണ്ട്. അതിനിടെ, സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. രക്ഷാപ്രവർത്തനം ഫലപ്രദമല്ലെന്ന് ആക്ഷേപിച്ചാണ് പ്രതിഷേധമുണ്ടായത്. നാട്ടുകാർ എൻഡിആർഎഫ് സംഘവുമായി വാക്കേറ്റം ഉണ്ടായി. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നതായും ഇക്കാര്യം കെട്ടിട ഉടമയോട് പരാതിപ്പെട്ടിരുന്നതായും ആളുകൾ മാധ്യമങ്ങളോട് പറഞ്ഞു .






