
തിരുവനന്തപുരം: വരും നാളുകളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ വരെ പഠനത്തിനായി കേരളത്തെ തെരഞ്ഞെടുക്കുന്ന സാഹചര്യം വരുമെന്നും ഉന്നത പഠനത്തിനായി നമ്മുടെ കുട്ടികള്‍ക്ക് ഇനി അന്യനാടുകളിലേക്ക് പോകേണ്ടി വരില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. കേരളത്തെ ആഗോള നിലവാരമുള്ള ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ പോലും വിജ്ഞാനം തേടി കേരളത്തിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും പറഞ്ഞു.
സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവ വേദിയില്‍ വച്ചായിരുന്നു ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള വിപ്ലവകരമായ ലക്ഷ്യങ്ങള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പങ്കുവെച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്നില്‍ അമ്മമാര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും പറഞ്ഞു. കുട്ടികളുടെ പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് അമ്മമാരാണെന്നും, അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആഗോളതലത്തിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഇന്ന് കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ മികച്ച വിജയം നേടുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ കൈവരിച്ച പുരോഗതി എടുത്തുപറയേണ്ടതാണ്. തലമുറകള്‍ മാറിമറിയുകയാണ്. നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ കാലത്താണ് ഇന്നത്തെ കുഞ്ഞുങ്ങള്‍ ജീവിക്കുന്നത്. മനുഷ്യന് വികസിപ്പിച്ചെടുത്ത പല കണ്ടുപിടിത്തങ്ങള്‍ക്കും ഇന്ന് മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുണ്ടെന്നും പറഞ്ഞു.
പുതിയ തലമുറയാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപം. അതുകൊണ്ടുതന്നെ മയക്കുമരുന്നിന്റെ വിപത്തുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ നിലപാട് സ്വീകരിക്കണം. കൂട്ടുകാര്‍ ആരെങ്കിലും തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നുണ്ടെങ്കില്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന് സഹപാഠികള്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.






