
കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലറായി പ്രഫ. ഡോ. ഡി. മാവൂത്ത് ചുമതലയേറ്റു.ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഡോ. മാവൂത്ത്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ മുന്‍ ഡയറക്ടറാണ്. കുസാറ്റില്‍ 33 വര്‍ഷം എം.ബി.എ. അധ്യാപകനായിരുന്നു. നിലവില്‍ കുസാറ്റിലെ സോഷ്യല്‍ സയന്‍സസ് ഫാക്കല്‍റ്റിയുടെ ഡീനായും കേരള സര്‍വകലാശാലയിലെ മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കല്‍റ്റിയുടെ ഡീനായും പ്രവര്‍ത്തിക്കുന്നു.
ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ഇന്ത്യന്‍ എത്തോസ്, ബിസിനസ് എത്തിക്സ് എന്നീ മേഖലകളിലാണ് അദ്ദേഹത്തിന്റെ വൈദഗ്ധ്യം. കുസാറ്റിന്റെയും കര്ണാടകസെന്ട്രല് സര്‍വകലാശാലയുടെയും സിന്‍ഡിക്കേറ്റ് അംഗമാണ്. പുതുച്ചേരി സര്‍വകലാശാലയുടെയും കേരള സെന്‍ട്രല്‍ സര്‍വകലാശാലയുടെയും കോര്‍ട്ട് അംഗമായും സേവനമനുഷ്ഠിക്കുന്നു.മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2019-ല്‍ ദേവാങ് മെഹ്ത എജ്യുക്കേഷണല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് എം.ബി.എയും കുസാറ്റില്‍ നിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. മാവൂത്തു തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ്. ഭാര്യ: വസന്തി. മകള്‍ നിര്‍മല വൈഷാലിനി ഐ.ഐ.എം. റോത്തക്കില്‍ നിന്ന് എം.ബി.എ നേടിയ ശേഷം കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. മകന് ധനവേന്ദ് ട്രാവല്‍, ലോജിസ്റ്റിക്സ് മേഖലയില്‍ സംരംഭകനാണ്.






