
ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ കാബിന് ക്രൂ ജീവനക്കാരിയായ ജെന്നിഫര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വിമാനയാത്രയ്ക്കിടെ കടുത്ത കാലുവേദന കൊണ്ട് ബുദ്ധിമുട്ടിയ ഒരു പ്രായമായ സ്ത്രീയെ ജെന്നിഫര്‍ പരിചരിക്കുകയും അവരുടെ കാലുകള്‍ തടവിക്കൊടുക്കുകയും ചെയ്ത മനോഹരമായ അനുഭവമാണ് പോസ്റ്റിലുള്ളത്. ക്യാബിന് ക്രൂവിന്റെ ജോലി എന്നത് വെറുതെ പറക്കുക മാത്രമല്ല, മറിച്ച് മനുഷ്യത്വത്തിന്റെ അടയാളം കൂടിയാണെന്ന് തെളിയിക്കുന്ന ഈ കുറിപ്പ് നിരവധി ആളുകളുടെ മനസ്സ് നിറയ്ക്കുകയും സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുകയാണ്.
കുറിപ്പ് ഇങ്ങനെ...
ഞാന്‍ എന്റെ ഭക്ഷണം കഴിക്കാന്‍ ഇരുന്നതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് ഒരു സ്ത്രീ എന്റെ മുന്നില്‍ വന്നിരുന്നത്. അവര്‍ കുറച്ചു മിനിറ്റുകള്‍ മാത്രമേ അവിടെ കാണൂ എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, പെട്ടെന്നാണ് അവര്‍ കടുത്ത വേദനയോടെ കാല്‍മുട്ടുകളും കണങ്കാലുകളും അമര്‍ത്തുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്.
ആ നിമിഷം, ചുറ്റുമുള്ളതെല്ലാം എന്റെ മനസ്സില്‍ നിന്ന് മാഞ്ഞുപോയി. എനിക്ക് അവിടെ വെറുതെയിരുന്ന് ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. ഞാന്‍ അവരോട് സഹായിക്കട്ടെയെന്ന് ചോദിക്കുകയും അവരുടെ കാലുകള്‍ തിരുമ്മി കൊടുക്കാന്‍ തുടങ്ങുകയും ചെയ്തു. അവര്‍ എന്റെ കൈകളില്‍ ഉമ്മ വെക്കുകയും, എന്റെ തല രണ്ടു കൈകള്ക്കുമുള്ളില് ചേര്‍ത്തുപിടിച്ച് ആശ്വാസത്തോടെ എന്നെ നോക്കുകയും ചെയ്ത ആ നിമിഷം... അവരുടെ ഭാഷ എനിക്ക് അത്ര പരിചയമുള്ളതായിരുന്നില്ല. എനിക്ക് മനസ്സിലായ ഒരേയൊരു വാക്ക് തമിഴിലെ 'നന്ദി, 'മ്മാ' എന്നതായിരുന്നു. എന്നെ കണ്ടതിനുപിന്നാലെ എന്റെ സഹപ്രവര്‍ത്തകരും അവരെ നടക്കാന്‍ സഹായിക്കാനായി മുന്നോട്ടുവന്നു.
പിന്കുറിപ്പ്: അവര്‍ അങ്ങനെ വേദനയോടെ ഇരിക്കുന്നത് എനിക്ക് കണ്ടുനില്ക്കാന് കഴിയാത്തതുകൊണ്ട് പൂര്‍ണ്ണമായും എന്റെ സ്വന്തം തീരുമാനപ്രകാരമാണ് ഞാന്‍ അവരെ സഹായിച്ചത്. അതിനുശേഷം എന്റെ ഉള്ളിലെന്തോ എന്നെന്നേക്കുമായി സുഖപ്പെട്ടതുപോലെ തോന്നി
ക്യാബിന് ക്രൂ ആയിരിക്കുക എന്നത് നമ്മള് പറന്നുതീര്ക്കുന്ന ദൂരങ്ങളെക്കുറിച്ച് മാത്രമല്ല; അത് നമ്മള് സ്പര്‍ശിക്കുന്ന ഹൃദയങ്ങളെക്കുറിച്ചും, നമുക്ക് പങ്കിടാന്‍ കഴിയുന്ന ശുദ്ധമായ മാനവികതയുടെ നിമിഷങ്ങളെക്കുറിച്ചും കൂടിയാണ്. ഓരോ ദിവസവും ഈ സ്നേഹവും ഊഷ്മളതയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഏവര്‍ക്കും അന്താരാഷ്ട്ര ക്യാബിന് ക്രൂ ദിനാശംസകള്‍!






