
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള ജനപ്രിയനായകനാണ് ജയറാം. ഒരേ സമയം മലയാളത്തിലും തമിഴിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ജയറാമിന് കഴിഞ്ഞിട്ടുണ്ട്. മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് ബിഗ്സ്ക്രീനില്‍ മികച്ച കഥാപാത്രങ്ങള്‍ നല്കിയ ജയറാമിന്റെ കഥ പറയാനുള്ള കഴിവ് ഏറെ പ്രശസ്തമാണ്. സ്റ്റേജിലും ഇന്റര്വ്യുകളിലുമൊക്കെ മിമിക്രി കാലം മുതലുള്ള കഥകള്‍ ജയറാം രസകരമായ അവതരിപ്പിച്ച് വൈറലായി മാറിയിട്ടുണ്ട്. മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ പ്രീ-റിലീസ് പരിപാടിയില്‍ ജയറാം പറഞ്ഞ കഥയും മിമിക്രിയുമൊക്കെ സോഷ്യല്‍ മീഡിയ കീഴടക്കിയതാണ്.
എന്നാല്‍ ഇപ്പോഴിതാ ജയറാം പറഞ്ഞ ഒരു കഥ താരത്തിനു തന്നെ വിനയായിരിക്കുകയാണ്. ട്വന്റി ട്വന്റി സിനിമയിലെ ക്ലൈമാക്സ് രംഗത്തില്‍ താന്‍ ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് ജയറാം ഒരു കഥയിലൂടെ അവതരിപ്പിച്ചു, അതാണ് താരം എയറിലാകാനുള്ള കാരണം. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും സഹതാരങ്ങളും ഒരുമിച്ചെത്തി മികച്ച വിജയം നേടിയ സിനിമയായിരുന്നു ട്വന്റി ട്വന്റി. അതിന്റെ ക്ലൈമാക്സില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയാത്തതിന്റെ കാരണമാണ് ജയറാം രണ്ട് അഭിമുഖങ്ങളില്‍ രണ്ടു രീതിയില്‍ പറഞ്ഞത്.
‘‘പടം വേണമെങ്കില്‍ ഒന്നു കൂടെ കണ്ടോളൂ. അവസാനം ഇതില്‍ ഒരാളെ മാത്രം കാണില്ല. അതു ഞാനാണ്. ജോഷി സാറാണ് ഈ സിനിമയുടെ സംവിധാനം. ക്ലൈമാക്സിലെ ഫൈറ്റാണ്. എന്റെ ഫൈറ്റൊക്കെ ഷൂട്ട് ചെയ്തു. അവസാനം ഈ അഞ്ചു പേരും ഒരുമിച്ച് നടന്നു വരുന്നത് മാത്രമാണ് ബാക്കിയുള്ളത്. ഫൈറ്റ് എങ്ങനെ വരുന്നുവെന്നെല്ലാം നോക്കിയ ശേഷം മാത്രമേ അത് തീരുമാനിക്കാന്‍ പറ്റുള്ളു. രണ്ട് ദിവസം നില്ക്കാന് പറഞ്ഞു. ദീപാവലി സമയമാണ്. ദീപാവലിയ്ക്ക് ചെന്നൈയിലെ വീട്ടില്‍ പോകണം എന്ന് പറഞ്ഞു.
‘നിനക്ക് ദീപാവലിയാണോ വലുത്, അവസാനം അഞ്ച് പേരും ഒരുമിച്ച് വരുന്നതാണോ വലുത്’ എന്ന് ജോഷി സാര്‍ എന്നോട് ചോദിച്ചു. ഒന്ന് ആലോചിച്ച ശേഷം, ‘ദീപാവലിയാണ് വലുത്’ എന്ന് ഞാന്‍ പറഞ്ഞു. ‘എന്നാ പോ’ എന്നായി ജോഷി സാര്‍. അതുകൊണ്ടാണ് ക്ലൈമാക്സില്‍ ഞാന്‍ ഇല്ലാതായത്...’ എന്നാണ് ജയറാം പറയുന്നത്. ക്ലൈമാക്സില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് എന്നിവര്‍ ഒരുമിച്ച് നടന്നു വരുന്ന ഷോട്ടുണ്ട്. അഞ്ചാമനായ ജയറാം മാത്രം ഈ ഷോട്ടിലില്ല. ഇതിന്റെ കാരണമാണ് തന്റെ പുതിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞത്. താരവും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പരിമള ആൻഡ് കോ’ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വച്ചായിരുന്നു ഈ സംഭവം.
എന്നാല്‍ ഇതേ രംഗത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മലയാളം ചാനലിന് നല്കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞത് മറ്റൊന്നാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തല്‍. അന്ന് ജയറാം പറഞ്ഞത് തനിക്ക് ശബരിമലയില്‍ പോകാനുണ്ടായിരുന്നതു കൊണ്ടാണ് ക്ലൈമാക്സ് സീനില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് എന്നാണ് പറഞ്ഞത്. ട്വന്റി ട്വന്റി ക്ലൈമാക്സില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് ശബരിമലയില്‍ പോകേണ്ടതു കൊണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലേ, അത് ശരിയാണോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
‘‘സത്യം, ശരിയാണ്. അതങ്ങനെയാ, ജോഷി സാറിനോട് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്റെ സീന്‍ ഒക്കെ കഴിഞ്ഞു, ‘വെയ്റ്റ് ചെയ്യെടാ, നിങ്ങളഞ്ചുപേരും കൂടി നടന്നു വരുന്ന ആ ഷോട്ടും കൂടി എടുത്താല്‍...’ എന്ന് അദ്ദേഹം പറയും. ഞാന്‍ ‘സാര്‍ എടുക്ക് സാര്‍’ എന്നും പറയും. ‘വൈകുന്നേരത്തിനുള്ളില്‍ എടുക്കാം’ എന്നായി ജോഷി സാര്‍. അന്ന് അങ്ങനെ പോയി പോയി വൈകുന്നേരം ആയിട്ടും എടുക്കാന്‍ പറ്റിയില്ല. അടുത്ത ദിവസമായി, രാവിലെ തൊട്ട് ഞാന്‍ പറഞ്ഞു, ‘സാര്‍ ഇത് എടുക്ക്’, ‘ഇപ്പൊ എടുക്കാം, ഇപ്പൊ എടുക്കാം’ എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ് പറഞ്ഞ് അന്നും എടുക്കാന്‍ പറ്റിയില്ല. എനിക്ക് ശബരിമലയ്ക്ക് പോകണം. അത് വേണ്ടാന്ന് വെച്ചിട്ട്, ഈ അഞ്ചുപേരില്‍ നടന്നു വരുന്നതാണോ ഏതാണ് വലുത് എന്ന് ചിന്തിച്ചപ്പോ, എനിക്ക് അതാണ് വലുതെന്ന് തോന്നി...’ എന്നാണ് ജയറാം പറഞ്ഞത്.
അടുത്തിടെ നല്കിയ അഭിമുഖവും പഴയ അഭിമുഖവും ചേര്‍ത്തു വച്ച് ജയറാമിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ‘ശരിക്കും എന്തിനാണ് ജയറാമേട്ടന് പുതിയ ഇന്റര്‍വ്യൂകളില്‍ വന്നിരുന്ന് കള്ളം പറയുന്നത്. പച്ച തമിഴന്മാരെ സോപ്പിടാന്‍ ശ്രമിക്കുന്നത് പോലെ തോന്നുന്നു, ‘അപ്പൊ കാണുന്നവനെ അപ്പാന്ന് വിളിക്കുന്ന സ്വഭാവം പുള്ളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ശരിക്കും ട്വന്റി-ട്വന്റി ക്ലൈമാക്സ് ഷൂട്ട് നടന്ന ദിവസം ഓണവും ദീപാവലിയും ഒരുമിച്ച് വന്ന വര്‍ഷമായിരുന്നോ? ഇനി നാളെയൊരു തെലുങ്ക് ഇന്റര്‍വ്യൂവില്‍ ഇതേ ചോദ്യം വന്നാല്‍, ‘ഉഗാദി ആഘോഷിക്കാന്‍ പോയതായിരുന്നു’ എന്നും കൂടി പറയുമോ എന്ന് മാത്രമാണ് പേടി...’എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
സോഷ്യൽ മീഡിയയിലൂടെ മിനിറ്റുകള്‍ കൊണ്ട് അഭിമുഖങ്ങള്‍ വൈറലാകുന്ന ഇക്കാലത്ത് പ്രശസ്തിയിൽ നിൽക്കുന്ന സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണെന്ന് കുറിക്കുന്നവരും കുറവല്ല. ഒരു വിഷയത്തെക്കുറിച്ച് പല കാലങ്ങളിൽ പല തരത്തിൽ സംസാരിക്കുന്നത് പിടിക്കപ്പെട്ടാൽ പിന്നീട് ട്രോളുകളുടെ ബഹളമായിരിക്കുമെന്നത് ഈ വീഡിയോ തെളിയിക്കുന്നു.
വളരെക്കാലങ്ങള്‍ക്ക് ശേഷമാണ് ജയറാമും ഉര്‍വശിയും ഒരു സിനിമയില്‍ നായിക നായകന്മാരായി എത്തുന്നത്. അതുകൊണ്ടു തന്നെ സ്ക്രീനില്‍ ചിരിയുടെ മാലപടക്കം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. കോമഡി ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ‘പരിമള ആൻഡ് കോ’ സംവിധാനം ചെയ്തിരിക്കുന്നത് പാണ്ടിരാജ് ആണ്. അഞ്ചാം തീയതിയാണ് ചിത്രത്തിന്റെ റിലീസ്.






