
തിരുവനന്തപുരം: പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത വര്‍ദ്ധിച്ചതോടെ കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമായി മഴ പെയ്യാന്‍ അനുകൂല സാഹചര്യമൊരുങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലില്‍, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് പ്രധാന കാരണം.
അതിശക്തമായ മഴയുടെ ഓറഞ്ച് അലേര്‍ട്ടില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ്. അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തെ മറ്റ് 10 ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. നിലവില്‍ ലക്ഷദ്വീപ്, തെക്കന്‍ അറബിക്കടല്‍, തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ ഭൂരിഭാഗം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.





