
തിരുവനന്തപുരം: കെഎസ്ഇബിയുടെ സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പദ്ധതിയിൽ കെഎസ്ഇബിക്ക് ഇതുവരെ 3.16 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. പദ്ധതി പാതിവഴിയിൽ നിലച്ച സാഹചര്യത്തിലാണ് അന്വേഷണം. കോട്ടയം, കാസർഗോഡ് ജില്ലകളിലായിരുന്നു സോളാർ പദ്ധതികൾ ആരംഭിച്ചിരുന്നത്. എറണാകുളം സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി.
കോട്ടയം ഏറ്റുമാനൂരിൽ ഒരു മെഗാവാട്ട് സോളാർ പദ്ധതിക്കായി 6.68 കോടി രൂപ ചെലവ് പ്രതീക്ഷിച്ച് കരാർ നൽകിയിരുന്നു. ഇതിൽ 2.48 കോടി രൂപ ചെലവഴിച്ചെങ്കിലും പദ്ധതി പൂർത്തിയായിട്ടില്ല. കാസർഗോഡ് ജില്ലയിലെ മയിലാട്ടിയിൽ ഗ്രിഡ് ബന്ധിത സോളാർ പദ്ധതി ആരംഭിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല.
പദ്ധതികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിമതി നടന്നതായാണ് ഉയരുന്ന ആരോപണം.






