
സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന വീഡിയോകളില്‍ പലതും ഹൃദയം സ്പര്‍ശിക്കുന്നതാണ്. പലപ്പോഴും റീച്ചും ലൈക്കും നോക്കാതെ ചിലര്‍ വളരെ ആത്മാര്‍ത്ഥമായി ചെയ്യുന്ന ചില കാര്യങ്ങളാണ് കാഴ്ച്ചക്കാരുടെ മനസ്സ് കീഴടക്കുന്നത്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവരാണ് ഇങ്ങനെയുള്ളവരില്‍ പെടുന്നത്.
ഇപ്പോഴിതാ അത്തരത്തില്‍ തെരുവില്‍ ലൈവായി പാട്ടു പാടുന്ന ഒരു ഗായകനോടുള്ള ആദരം കാണിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നിന്ന് പാട്ടു പാടുന്ന ഗായകനെയാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. പാട്ടുകള്‍ മാറി നിന്ന് കൈയടിയോടെ ആസ്വദിക്കുന്ന സ്ത്രീയെയും വീഡിയോയില്‍ കാണാം. എല്ലാം കേട്ട് ആസ്വദിച്ച ശേഷം വളരെ നിശബ്ദമായി QR കോഡിന് കീഴിൽ 500 രൂപയുടെ നോട്ട് നിക്ഷേപിച്ച് നിറചിരിയോടെ മടങ്ങുകയാണ് ആ സ്ത്രീ.
മറ്റുളളവര്‍ക്ക് മുന്നില്‍ ഷോ കാണിക്കുന്നതിന് പകരം പാട്ടു മുഴുവന്‍ ആസ്വദിച്ച ശേഷമാണ് അവര്‍ ഇത് ചെയ്യുന്നത് എന്നുള്ളതാണ് കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നത്. ശ്രദ്ധ നേടുന്നതിനായി ചെയ്യുന്ന ഒന്നല്ല, മറിച്ച് കലാകാരനോടും അവരുടെ കഴിവിനോടുമുള്ള ഒരു യഥാർത്ഥ അഭിനന്ദനത്തിന്റെയും ആദരവിന്റെയും പ്രകടനമായി കാണുന്ന ഏതൊരാള്‍ക്കുമത് ഫീല്‍ ചെയ്യും. കലയെയും കലാകാരന്മാരെയും ശരിക്കും വിലമതിക്കുന്ന ആളുകൾ എല്ലായ്പ്പോഴും ബഹുമാനം നേടുമെന്നുള്ളതിന്റെ തെളിവാണ് ഈ വീഡിയോ.
സ്ട്രീറ്റ് സിംഗറായ കുനാൽ കാർൺവാളും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘‘വെറും 24 മണിക്കൂറിനുള്ളിൽ അവര്‍ എനിക്ക് 24 ദശലക്ഷം വ്യൂസ് നൽകി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കുനാല്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഹൃദയസ്പർശിയായ ഈ നിമിഷം ഓൺലൈനിൽ ഹൃദയങ്ങൾ കീഴടക്കുകയാണ്. നിരവധി പേരാണ് ആ സ്ത്രീയുടെ ആദരത്തിന് പ്രശംസകള്‍ കുറിക്കുന്നത്. ‘അവര്‍ വളരെ മധുരമുള്ള ഒരു ഹൃദയത്തിന്റെ ഉടമയാണ്, ആ കലാകാരനോടും അവരുടെ കഴിവിനോടുമുള്ള ഒരു യഥാർത്ഥ അഭിനന്ദനത്തിന്റെയും ആദരവിന്റെയും പ്രകടനമാണത്’ എന്നതടക്കമാണ് കമന്റുകള്‍.






