
തിരുവനന്തപുരം: സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാൻ മുൻപ് എൽഡിഎഫ് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിരുന്നുവെന്നും അതേ സമീപനം ഇനി തുടരാൻ കഴിയില്ലെന്നും ബിജെപി എംഎൽഎ വി. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. വന്ദേമാതരത്തെയും ഭാരതമാതാവിനെയും അവഹേളിക്കുന്ന സമീപനം ഇനി നടക്കില്ലെന്നും, അത്തരം അവഹേളനം ഉണ്ടായാൽ സഭയിൽ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്ന പല കാര്യങ്ങളും പൊള്ളയാണെന്ന് ബിജെപി എംഎൽഎ ബി.ബി. ഗോപകുമാർ വിമർശിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ഇടത്-വലത് മുന്നണികളാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കേരള നിയമസഭയിൽ നടക്കുന്നത് ആരോപണ-പ്രത്യാരോപണങ്ങൾ മാത്രമാണെന്നും, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന് നയപ്രഖ്യാപനത്തിൽ പറയാത്തത് എന്തുകൊണ്ടാണെന്നും ഗോപകുമാർ ചോദിച്ചു.
നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെട്ടുവെന്നും, "പൂച്ച പെറ്റ് കിടന്ന ഖജനാവ്" എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് എങ്ങനെ ഇത്ര വേഗം ഖജനാവ് നിറച്ചുവെന്ന് കൂടി പറയണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.






