
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ധവളപത്രം നിയമസഭയില്‍ സമര്‍പ്പിച്ചത്.
കേരളത്തിന്റെ അഞ്ചാം ധവളപത്രമാണ് മേശപ്പുറത്ത് വെച്ചത്. ശൂന്യവേളയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഇത് സഭയില്‍ സമര്‍പ്പിച്ചത്. ഇതിന് ശേഷം നിയമസഭാംഗങ്ങള്‍ക്ക് ധവളപത്രം കൈമാറി. അതേസമയം ധവളപത്രത്തില്‍ ചര്‍ച്ച നടക്കുന്നതിന് മുമ്പ് തന്നെ വിവാദമായി മാറുകയും ചെയ്തു. രാഷ്ട്രീയരേഖ എന്ന് വിളിച്ചാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. ധവളപത്രം തയ്യാറാക്കാനായി സംസ്ഥാനത്തിന്റെ അതീവരഹസ്യങ്ങള്‍ പുറത്തുകൊടുതെന്നും വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുത്തില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട അതീവരഹസ്യങ്ങള്‍ പുറത്തുകൊടുതെന്നും ഇത് ഭരണഘടനാലംഘനം ആണെന്നും പ്രതിപക്ഷം പറഞ്ഞു. ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുക്കാതെ പുറത്തുകൊടുത്തു തയ്യാറാക്കിയെന്നും ധനവകുപ്പ് അല്ല ധവളപത്രം തയ്യാറാക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചപ്പോള്‍ ഇതില്‍ ചട്ടലംഘനം ഇല്ലെന്നും വകുപ്പ് തന്നെയാണ് തയ്യാറാക്കിയതെന്നും ചില വിദഗ്ദ്ധരുടെ സഹായം തേടിയെന്ന് മാത്രമേയുള്ളെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
ആരോപണം അടിസ്ഥാനരഹിതമെന്നും ഒരു രേഖയും പുറത്തുപോയിട്ടില്ലെന്നും ഇത്രയും നാള് പുറത്തുവിട്ട ധവളപത്രങ്ങള്‍ രാഷ്ട്രീയരേഖകള്‍ ആണെന്നും എന്നാല്‍ ഇതാണ് ശരിയായ ധവളപത്രമെന്നും അത് വായിച്ചുപോലും നോക്കാതെയാണ് പ്രതിപക്ഷം വിമര്‍ശനവുമായി എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.






