
യുപിഐ വഴി പണം കൈമാറുന്നത് ഇക്കാലത്ത് വളരെ എളുപ്പമുള്ള കാര്യമാണെങ്കിലും, ഒരു ചെറിയ അക്കൗണ്ട് മാറിയാല്‍ പണം തെറ്റായ ആളുകളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ഇത്തരമൊരു സംഭവമുണ്ടായി. പ്രമുഖ ഫിന്‍ടെക് കമ്പനിയായ 'ഫിന്ഷോട്ട്സ്' സിഇഒ പവന് ഗോപാല്‍ കൃഷ്ണന് ഡിജിറ്റല്‍ ഇടപാടില്‍ പറ്റിയ ഒരു അബദ്ധവും, തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത പ്രതികരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
തന്റെ യാത്രയ്ക്ക് ശേഷം ഒരു ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്കാന് ശ്രമിക്കുന്നതിനിടയിലാണ് പവന് അബദ്ധം പിണഞ്ഞത്. യാത്രക്കൂലിയായ 156 രൂപയ്ക്ക് പകരം അദ്ദേഹം ക്യൂആര്‍ കോഡ് വഴി അയച്ചത് 15,682 രൂപയായിരുന്നു. പണം അയച്ച ശേഷമാണ് ഇത്രയും വലിയൊരു തുകയാണ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പോയതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. പണം നഷ്ടപ്പെട്ടതിലുള്ള പരിഭ്രാന്തിയില്‍, അത് എങ്ങനെ തിരികെ ലഭിക്കുമെന്ന ആശങ്കയിലായിരുന്നു പവന്.
എന്നാല്‍, പവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ഓട്ടോ ഡ്രൈവര്‍ ഒട്ടും മടിക്കാതെ തന്നെ അധികമായി വന്ന തുക മുഴുവന്‍ കൃത്യമായി തിരികെ നല്കാന് തയ്യാറായി. ഓട്ടോ ഡ്രൈവറുടെ ഈ ആത്മാര്‍ത്ഥതയും സത്യസന്ധതയും പവനെ ഏറെ സന്തോഷിപ്പിച്ചു. തുടര്‍ന്ന് ഈ അനുഭവം അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു. അപരിചിതനായ ഒരു സാധാരണക്കാരനില്‍ നിന്ന് ലഭിച്ച ഈ നല്ല പെരുമാറ്റം നെറ്റിസണ്‍സ് വലിയ രീതിയില്‍ ഏറ്റെടുക്കുകയും ഡ്രൈവറെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്യുകയാണ്.






