
2026 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വേറിട്ട പ്രവചനം നടത്തി മെക്സിക്കോയിലെ ഒരു മൃഗശാല അധികൃതർ. ജിറാഫ്, ഗൊറില്ല, പ്യൂമ (ഒരിനം കാട്ടുപൂച്ച), ആന എന്നീ മൃഗങ്ങളെ പങ്കെടുപ്പിച്ചായിരുന്നു ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ പ്രവചിക്കാനുള്ള കൗതുക മത്സരം സംഘടിപ്പിച്ചത്.
ലോകകപ്പ് വേദി സ്ഥിതി ചെയ്യുന്ന മെക്സിക്കൻ നഗരമായ ഗോദലഹാറയിലെ മൃഗശാലയിൽ നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങളിൽ ആര് വിജയിക്കുമെന്നതടക്കമുള്ള പ്രവചനങ്ങളാണ് മൃഗങ്ങളെ ഉപയോഗിച്ച് നടത്തിയത്. ഓരോ മൃഗത്തിനും രണ്ട് ടീമുകളെ വീതം നൽകി, അവയിൽ നിന്ന് വിജയികളാകുന്ന രാജ്യത്തെ തിരഞ്ഞെടുക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിൽ മെക്സിക്കോ വിജയിക്കുമെന്നായിരുന്നു ആനയുടെ പ്രവചനം. യുറുഗ്വായ് കരുത്തരായ സ്പെയിനിനെ തോൽപ്പിക്കുമെന്നായിരുന്നു ഗൊറില്ലയുടെ പ്രവചനം. സൗത്ത് കൊറിയ ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിക്കുമെന്നായിരുന്നു പ്യൂമയുടെ പ്രവചനം. കൊളംബിയക്കെതിരായ മത്സരത്തിൽ റിപ്പബ്ലിക് ഓഫ് കോംഗോ വിജയിക്കുമെന്നായിരുന്നു ജിറാഫിന്റെ പ്രവചനം.
2010-ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിലാണ് ജീവികളെ ഉപയോഗിച്ചുള്ള പ്രവചനങ്ങൾ ശ്രദ്ധ നേടിയത്. പോൾ നീരാളിയായിരുന്നു അന്നത്തെ താരം. നെതർലാൻഡ്സിനെ പരാജയപ്പെടുത്തി സ്പെയിനാണ് 2010-ലെ ലോകകപ്പ് ജേതാക്കളായത്.






