
സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പങ്കിടുന്ന വീഡിയോകള്‍ അതിശയവും അമ്പരപ്പും നല്‍കുന്നതാണ്. ഇവിടെ നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ നടക്കുമോ എന്ന ചിന്തയില്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്ന കാര്യങ്ങളാണ് പലരും പങ്കിടുന്നത്. വിദേശത്ത് നടക്കുന്ന പല സംഭവങ്ങളും സൗകര്യങ്ങളും ഇന്ത്യയില്‍ ലഭിക്കുമോ എന്ന് ചിന്തിച്ചിരുന്ന കാലത്തു നിന്ന് ഞൊടിയില്‍ എന്തും സാധ്യമാകുന്ന തലത്തിലേക്ക് ഇന്ത്യയും മാറിക്കഴിഞ്ഞു. ഒരു കാലത്ത് ജപ്പാനിലെ ‘റെന്റ്-എ-ബോയ്ഫ്രണ്ട്’ എന്ന ആശയം കേട്ട് ഇന്ത്യക്കാര്‍ ഞെട്ടിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ‘കോപാർട്ണർ’ എന്ന വെബ്സൈറ്റ് വഴി ഒരു പുരുഷ കൂട്ടാളിയെ വാടകയ്ക്ക് എടുത്ത് ഷോപ്പിംഗ് മാളിൽ ഒരു ദിവസം ചെലവഴിച്ച അനുഭവം പങ്കിടുകയാണ് ഡൽഹി ആസ്ഥാനമായുള്ള ഇൻസ്റ്റാഗ്രാം ക്രിയേറ്റർ ഇഷ ഭല്ല. ജപ്പാനിൽ വൈറലായ ഈ ആശയം ഇന്ത്യയിലും സാധ്യമാകും എന്നാണ് ഈ ക്രിയേറ്റര്‍ പറയുന്നത്. പ്രമുഖ നഗരങ്ങളില്‍ ഷോപ്പിംഗ്, യാത്രകൾ, സിനിമാ കാണൽ തുടങ്ങിയ കാര്യങ്ങൾക്കായി ഈ റെന്റ്-എ-ബോയ്ഫ്രണ്ട് സൗകര്യം ഉപയോഗിക്കാമെന്നാണ് ഇഷ ഭല്ല തന്റെ വീഡിയോയിലൂടെ കാണിച്ചു തരുന്നത്.
മുൻകൂട്ടി തീരുമാനിച്ച സ്ഥലത്ത് വെച്ചാണ് ഇഷ താൻ ബുക്ക് ചെയ്ത പങ്കാളിയെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് മാളിലേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. മാളിൽ വെച്ച് തന്റെ ഷോപ്പിംഗ് ബാഗുകൾ ചുമക്കാനും വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും അയാൾ സഹായിച്ചതായി യുവതി വീഡിയോയില്‍ പറയുന്നു. തന്റെ മുൻകാമുകനെ ഓർത്ത് സങ്കടപ്പെട്ടപ്പോൾ അയാൾ തന്നെ ആശ്വസിപ്പിക്കാനും തമാശകൾ പറഞ്ഞ് ചിരിപ്പിക്കാനും ശ്രമിച്ചുവെന്നും യുവതി പങ്കിട്ട വീഡിയോയില്‍ പറയുന്നു. ഒരു സുഹൃത്തോ പങ്കാളിയോ ഒപ്പമുണ്ടെങ്കിൽ എങ്ങനെയിരിക്കുമോ അതുപോലെയായിരുന്നു ആ അനുഭവമെന്നും, മടങ്ങുന്നതിന് മുൻപ് ഈ സേവനത്തിനുള്ള പണം നൽകിയതായും ഇഷ പറഞ്ഞു. ‘ഇത് സത്യമാണോ, ഇത് ശരിക്കും വര്‍ക്കാകുമോ? ഇന്ത്യയില്‍ ഇങ്ങനെയൊക്കെയുള്ള സംവിധാനങ്ങളുണ്ടോ ?’ എന്ന സംശയവും കൗതുകവുമാണ് പലരും കമന്റുകളിലൂടെ കുറിക്കുന്നത്.
കോപാർട്ണർ.ഇൻ എന്ന വെബ്സൈറ്റിലൂടെയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. ഷോപ്പിംഗ് ബഡ്ഡി, മൂവി പാർട്ണർ, ട്രാവൽ പാർട്ണർ, എൽഡർ കെയർ തുടങ്ങിയ വിവിധ സേവനങ്ങൾ ഇതില്‍ ലഭ്യമാണ്. ഈ വെബ്സൈറ്റിൽ പ്രൊഫൈൽ നിർമ്മിച്ച ശേഷം ആവശ്യമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാം. പ്രായമായവരുടെ പരിചരണം, ഒന്നിച്ച് കറങ്ങാൻ പോകുക, ക്ലബ്ബിംഗ്, സിനിമ കാണാൻ ഒപ്പം വരിക, ഷോപ്പിംഗ് ബഡ്ഡി, മെഡിക്കൽ സപ്പോർട്ട്, യാത്രാ പങ്കാളി തുടങ്ങിയ നിരവധി സേവനങ്ങൾ ഇതിലൂടെ ലഭ്യമാണ്.
ഡൽഹി, മുംബൈ, കൊൽക്കത്ത, നോയിഡ, ഗുഡ്ഗാവ്, ബെംഗളൂരു, അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ഈ സേവനം ലഭ്യമാണെന്നാണ് വെബ്സൈറ്റിന്റെ അവകാശം. പൂർണ്ണമായും വെരിഫൈഡ് ആയ പ്രൊഫഷണലുകളെയാണ് സുരക്ഷിതമായി ഇതിനായി നൽകുന്നതെന്നും അധികൃതർ പറയുന്നു.






