
മട്ടാഞ്ചേരി: നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ രാവിലെ ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞ് സ്വര്‍ണം പവന് 1,12,000 രൂപയായി. രാജ്യാന്തര വില ഔണ്‍സിന്(31.1 ഗ്രാം) 4,440 ഡോളറില്‍നിന്ന് 4328 ഡോളറായി ഇടിഞ്ഞതോടെയാണിത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 2560 രൂപയാണ് കുറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡ്സ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയര്‍ത്തിയതോടെയാണ് വിലയില്‍ വലിയ കുതിച്ചുകയറ്റത്തിന് കടിഞ്ഞാണായത്.
സ്വര്‍ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. ഇത് കണ്ടാണ് ഇറക്കുമതി കുറച്ച് ഉപയോഗം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി നികുതി വര്‍ധിപ്പിച്ചത്.
വിലയിലെ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങള്‍ ഉപയോക്താക്കളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കെ, സ്വര്‍ണം, വെള്ളി ആഭരണ വ്യാപാരികളുടെ സംഘടന നിരക്ക് കമ്മിറ്റിക്ക് രൂപം നല്കി. രാവിലെ 9.30ന് മുമ്പും ഉച്ചയ്ക്ക് രണ്ട് മണിക്കും മാത്രമായിരിക്കും വില നിശ്ചയിക്കുന്നത്. വൈകിട്ട് 6 മണിക്ക് മുമ്പ് രാജ്യാന്തര വിലയില്‍ സ്വര്‍ണം ഔണ്‍സിന് 50 ഡോളര്‍ കൂടിയാല്‍ വിലയില്‍ തിരുത്തലുണ്ടാകും.കഴിഞ്ഞ ഏപ്രില്‍ 30ന് പവന് 1.12.000 രൂപയായിരുന്നു.
മേയ് 14ന് 1,19,040 രൂപ വരെ വില ഉയര്‍ന്നു. തുടര്‍ന്ന് ഇന്നലെ വരെയുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമായരുന്നു. കഴിഞ്ഞ 23 ദിവസത്തിനിടയില്‍ ആഭ്യന്തരവില പവന് 7,040 രൂപയുടെ വര്‍ധനവുണ്ടായി. 24 കാരറ്റ് പവന് 2400 രൂപയും 18 കാരറ്റ് പവന് 1800 രൂപയും കുറഞ്ഞു. 24 കാരറ്റ് പവന് 122180 രൂപ. 18 കാരറ്റ് പവന് 91640 രൂപ. വെള്ളി ഗ്രാമിന് 10 രൂപ കുറഞ്ഞ് ഗ്രാമിന് 270 രൂപയായി. വിനിമയ നിരക്കില്‍ രൂപയ്ക്ക് ഇന്നലെ 40 പൈസ നേട്ടം. രൂപ 95.39 എന്ന നിലയിലേക്ക് മെച്ചപ്പെട്ടു.
ജോസഫ് വെണ്ണിക്കുളം






