
തിരുവനന്തപുരം: ഭക്ഷണം നല്കാന് വൈകിയെന്ന് ആരോപിച്ച് പി.സി ജോര്‍ജ് എം.എല്‍.എ കാന്റീന് ജീവനക്കാരനായ യുവാവിനെ മര്‍ദിച്ചതായി പരാതി. എം.എല്‍.എ ഹോസ്റ്റലിലെ മുറിയിലേയ്ക്ക് ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് കുടുംബശ്രീ കാന്റീന് ജീവനക്കാരന് മനു (22)വിനെയാണ് പി.സി ജോര്‍ജ് മര്‍ദ്ദിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. എംഎല്.എ ഹോസ്റ്റലിലെ മുറിയിലേയ്ക്ക് ഉച്ചഭക്ഷണം എത്തിക്കാന്‍ ഫോണിലൂടെ കാന്റീനിലേയ്ക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കാന്റീനിലെ തിരക്കുകള്‍ മൂലം 15 മിനിട്ട് വൈകിയാണ് ഭക്ഷണവുമായി മനു എത്തിയത്. ഭക്ഷണവുമായി വൈകിയെത്തിയ മനുവിനെ ജോര്‍ജും സഹായിയും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ജോര്‍ജിന്റെ അടിയേറ്റ് ജീവനക്കാരന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് മനു പറഞ്ഞു. മനു മുറിയിലെത്തുന്നതിന് തൊട്ടു മുന്‍പ് ഭക്ഷണം ഇനിയും എത്തിച്ചില്ലെന്ന് പറഞ്ഞ് കുടുംബശ്രീ കാന്റീനിലേയ്ക്ക് വിളിച്ച ജോര്‍ജ് വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
അതേസമയം, താന്‍ ആരെയും തല്ലിയിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.






