
നടന് സലിം കുമാറിന്റെ സംസ്കാരച്ചടങ്ങില്‍ യുട്യൂബ് ചാനലുകള്‍ തള്ളിക്കയറിയ സംഭവത്തില്‍ വിമര്‍ശനവുമായി നിര്‍മാതാവ് സുപ്രിയ മേനോന്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കണമെന്ന് സുപ്രിയ പറഞ്ഞു. സംസ്കാരം നടക്കുന്നയിടത്ത് മൊബൈല്‍ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് മകന് ചന്തു സലിം കുമാര്‍ പരുഷമായി സംസാരിച്ചിരുന്നു. ഈ വിഷയത്തിലാണ് സുപ്രിയ രൂക്ഷ പ്രതികരണവുമായെത്തിയത്.
'വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാന്‍ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാല്‍ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ ഇരയെ ലക്ഷ്യമാക്കി കൂടുതല്‍ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ തിരക്കുകൂട്ടുന്നു. കുറച്ച് സ്ഥലം തരൂവെന്നും പിന്നോട്ട് മാറൂവെന്നും സമാധാനത്തോടെ കരയണമെന്നും ആവശ്യപ്പെട്ട് മകന് നിലവിളിക്കുന്നു. നാം എന്തായിത്തീര്‍ന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആര്‍ത്തി, എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്. സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇത് പത്രപ്രവര്‍ത്തനമല്ല, പ്രദര്‍ശനപരതയാണ്! ഇത് തികച്ചും അനാവശ്യവുമാണ്, സുപ്രിയ പറഞ്ഞു.







