
തൃണമൂൽ കോൺഗ്രസിൽ വീണ്ടും വിമത നീക്കം. 20 തൃണമൂൽ ലോക്സഭാ എംപിമാർ ഡൽഹിയിൽ രഹസ്യയോഗം ചേർന്നു. ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടാനാണ് ആലോചന. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കൂട്ടരാജിയും പരിഗണിക്കുന്നതായാണ് സൂചന. രാജ്യസഭാ എംപി സ്ഥാനം രാജിവച്ച സുഖേന്ദു റായിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. സുഖേന്ദു റായ് രാജ്യസഭാ എംപി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവച്ചിരുന്നു. എംപി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് കൈമാറി.
സുഖേന്ദു റായ് ഉടൻ ബിജെപിയിൽ ചേരുമെന്നാണ് സൂചന. ടിഎംസിയുടെ രാജ്യസഭാ എംപി കോയൽ മല്ലിക്കും ഉടൻ രാജിവെച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.






