
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം സമ്മാനിച്ച് ഇന്നും ശക്തമായ മഴ തുടരും. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
വടക്കന്‍ കേരളത്തില്‍ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
മലയോരമേഖലകളില്‍ മഴ കനത്തേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ട്രോളിങ് നിരോധനവും പ്രാബല്യത്തില്‍ വന്നു. 52 ദിവസം ട്രോളിങ് തുടരുന്നതിനാല്‍ നാളെ മുതല്‍ ചെറുവള്ളങ്ങള്‍ കടലിലിറങ്ങും. യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിരോധനം ബാധകം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കടലില്‍ പോകാം. ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം.
ട്രോളിങ് നിലവില്‍ വരുന്നതോടെ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് സിവില്‍ സപ്ലൈസുമായി സഹകരിച്ച് നടപടി സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ ജൂലൈ 31 വരെ 61ദിവസത്തേക്ക് പരമ്പരാഗത യാനങ്ങള്‍ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്.






