
പാലക്കാട്: ജിംനേഷ്യത്തിന്റെ പ്രവർത്തനവും മതപരമായ നിയമങ്ങളും തമ്മിൽ കൂട്ടിക്കുഴച്ചതിനെച്ചൊല്ലി പാലക്കാട്ട് ആരംഭിച്ച 'ഇസ്ലാം ഫ്രണ്ട്ലി ജിം' വിവാദം കൂടുതൽ സങ്കീർണ്ണമാകുന്നു. വിവാദ പ്രമോഷൻ വീഡിയോ പുറത്തുവിട്ട വ്യക്തിക്ക് ജിമ്മിൽ യഥാർത്ഥത്തിൽ ഉടമസ്ഥാവകാശമില്ലെന്ന വെളിപ്പെടുത്തലുമായി ജിമ്മിന്റെ യഥാർത്ഥ പങ്കാളികൾ രംഗത്തെത്തിയതോടെയാണ് സംഭവം പുതിയ തിരിവിലേക്ക് എത്തിയത്.
വിവാദം കനത്തതോടെ ജിമ്മിന്റെ യഥാർത്ഥ നടത്തിപ്പുകാരിൽ ഒരാളായ അഹമ്മദ് സേട്ടു രംഗത്തെത്തി. 'എഎസ്ബി ഫിറ്റ്നസ് സെന്റർ' എന്ന പേരിൽ കഴിഞ്ഞ 15 വർഷമായി ഈ ജിം പ്രദേശത്ത് പ്രവർത്തിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് മാസമായി അടഞ്ഞുകിടക്കുന്ന ജിം പുതുക്കിപ്പണിയാൻ മുൻപ് ഇവിടെ ട്രെയിനിയായിരുന്ന നവാസ് മുത്തു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, ഇയാൾക്ക് ജിമ്മിൽ ഔദ്യോഗിക ഉടമസ്ഥാവകാശമില്ലെന്നും അഹമ്മദ് സേട്ടു പറഞ്ഞു.
യാഥാസ്ഥിതികരായ ആളുകളെ ജിമ്മിലേക്ക് ആകർഷിക്കാൻ നവാസ് മുന്നോട്ടുവെച്ച ഒരു അസാധാരണ 'മാർക്കറ്റിംഗ് ഐഡിയ' മാത്രമായിരുന്നു ഇതെന്നും, സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സമയമുള്ള ജിമ്മുകൾ കേരളത്തിൽ ഉടനീളമുണ്ടെന്നും ഇതിനെ എന്തിനാണ് വിവാദമാക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. നവാസ് മുത്തു എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് വിവാദങ്ങളുടെ തുടക്കം. "ഇസ്ലാമിക നിയമങ്ങൾക്ക് അനുസൃതമായി" പ്രവർത്തിക്കുന്ന ഒരു ജിം ആരംഭിക്കുന്നു എന്നായിരുന്നു ഇയാളുടെ പ്രചാരണം.
ഇസ്ലാമിക ജിമ്മിൽ പാട്ടുകൾ വയ്ക്കില്ല. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക സമയക്രമം ആയിരിക്കും. സ്ത്രീകൾക്ക് വനിതാ പരിശീലകർ. ശരീരഭാഗങ്ങൾ പൂർണ്ണമായി മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണ രീതി. ജിമ്മിനുള്ളിൽ വെച്ചുള്ള 'അനാവശ്യ സംഭാഷണങ്ങൾക്ക്' കർശന വിലക്ക്, തുടങ്ങിയ നിബന്ധനകളുമുണ്ടെന്ന് പോസ്റ്റിൽ പറഞ്ഞിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ ആളുകളെ കൂടുതൽ ആകർഷിക്കാനാണ് ഇത്തരമൊരു മാർക്കറ്റിംഗ് തന്ത്രം പ്രയോഗിച്ചതെന്നാണ് നവാസ് മുത്തുവിന്റെ വിശദീകരണം. എന്നാൽ തന്റെ വാക്കുകൾ ചില ഗ്രൂപ്പുകൾ ബോധപൂർവ്വം വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നു എന്ന് ഇയാൾ ആരോപിക്കുന്നു.
ഇതിനിടെ, മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുമുള്ള ശ്രമമാണിതെന്ന് കാണിച്ച് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ജില്ലാ പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകി. എന്നാൽ, ജിം നിലവിൽ പ്രവർത്തിക്കാത്തതിനാൽ നിയമലംഘനങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.






