
പൊതുസ്ഥലങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തോന്നുംപടി മദ്യക്കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുന്ന ചിലരുടെ പെരുമാറ്റം പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ ഗോവയിലെ ഏറ്റവും ജനപ്രിയമായ മോര്‍ജിം ബീച്ചില്‍ രാവിലെ നടക്കാനിറങ്ങിയ രഞ്ജിത് എന്ന യുവാവ് കണ്ട ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പൗരബോധത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ബീച്ചിലെ മണലില്‍ അപകടകരമായ രീതിയില്‍ പൊട്ടിയ ചില്ലുകുപ്പിയുടെ കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്നതാണ് യുവാവ് കണ്ടത്.
താനും കൂട്ടുകാരും ചേര്‍ന്ന് തീരത്തുനിന്ന് എണ്‍പതോളം ചില്ലുകഷ്ണങ്ങള്‍ പെറുക്കി മാറ്റിയതായി രഞ്ജിത് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പല ചില്ലുകഷ്ണങ്ങളും വെള്ളത്തിനടിയിലാണ് കിടക്കുന്നതെന്നും ഇത് ബീച്ചിലെത്തുന്ന സഞ്ചാരികളുടെ കാലുകള്‍ മുറിയാന്‍ ഇടയാക്കുമെന്നും യുവാവ് മുന്നറിയിപ്പ് നല്കുന്നു. ബീച്ചിലുടനീളം കുപ്പികള്‍ വലിച്ചെറിഞ്ഞിട്ടുണ്ടെങ്കിലും അവിടെയൊന്നും ശരിയായ ഒരു ഡസ്റ്റ്ബിന്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇദ്ദേഹം ചിത്രങ്ങള്‍ സഹിതം ചൂണ്ടിക്കാണിക്കുന്നു.
പോസ്റ്റ് വൈറലായതോടെ വിനോദസഞ്ചാരികളുടെ സിവിക് സെന്സില്ലായ്മയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇത്തരം മദ്യക്കുപ്പികള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പലരും കമന്റ് ബോക്സില്‍ ആശങ്ക പങ്കുവെച്ചു. പൗരബോധം അഥവാ സിവിക് സെന്‍സ് എന്നത് സ്കൂള്‍ തലം മുതല്‍ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിയമങ്ങള്‍ കൂടുതല്‍ കര്ശനമാക്കേണ്ടതിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാവുകയാണ്.






