
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൾ കൃത്രിമമായി ചേർത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) സംഘം മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിലെത്തി. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി 17 അംഗ സിഐഡി സംഘമാണ് പരിശോധന നടത്തിയത്.
ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുന്നതിനായാണ് സിഐഡി നടപടി ശക്തമാക്കിയത്. വ്യാജ ഒപ്പ് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അഭിഷേകിന് മൂന്നാം തവണയും സിഐഡി സമൻസ് നൽകിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
അതേസമയം, സിഐഡി സമൻസിനെതിരെ അഭിഷേക് ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണം തേടിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും.






