
ടെഹ്റാൻ: തങ്ങളുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് തിരിച്ചടിയായി ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ആർമിയുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാന്റെ ഡ്രോൺ ഇടിച്ചു തകർത്ത പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കൻ സൈന്യം തിരിച്ചടി ആരംഭിച്ചത്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, സർവൈലൻസ് റഡാർ സൈറ്റുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു യുഎസ് സെൻട്രൽ കമാൻഡിന്റെ ആക്രമണം. ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ ജാസ്ക്, ബന്ദർ അബ്ബാസ്, സിറിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിക്കിലെ ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറും രണ്ട് വാട്ടർ ടാങ്കുകളും തകർന്നതായും റിപ്പോർട്ടുണ്ട്.
അമേരിക്കയുടെ ആക്രമണത്തിന് തൊട്ടുപിന്നാലെ ശക്തമായ പ്രത്യാക്രമണവുമായി ഇറാനും രംഗത്തെത്തി. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ നിശബ്ദരായിരിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സുരക്ഷിതമായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അമേരിക്ക ഞങ്ങളുടെ പ്രദേശം വിട്ടുപോകണം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് യുഎസ് നീക്കങ്ങൾക്ക് മറുപടിയായി ബഹ്റൈനിലെ യുഎസ് ഫിഫ്ത് ഫ്ലീറ്റിന് നേരെ ഡ്രോൺ ആക്രമണം നടത്തി. ഇതേത്തുടർന്ന് ജനങ്ങളോട് ശാന്തരായിരിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
കുവൈറ്റിലെ അലി അൽ സലേം യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ജോർദാനിൽ യുഎസ് സൈനികർ കഴിയുന്ന താവളത്തിന് നേരെ ഇറാൻ തദ്ദേശീയമായി നിർമ്മിച്ച ദീർഘദൂര സോളിഡ് ഫ്യുവൽ മിസൈലുകൾ ഉപയോഗിച്ച് സംയുക്ത ആക്രമണം നടത്തിയതായി ഇറാന്റെ ഖാത്തം അൽ-അൻബിയ ഏജൻസി അവകാശപ്പെട്ടു. ഈ ആക്രമണത്തിൽ അമേരിക്കയുടെ നാല് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാങ്കറുകളും കമാൻഡ് സെന്ററും തകർത്തതായാണ് ഇറാന്റെ അവകാശവാദം. എന്നാൽ യുഎസോ ജോർദാനോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിനെതിരെയുള്ള തങ്ങളുടെ 'സ്വയം പ്രതിരോധ' ആക്രമണങ്ങൾ നിലവിൽ പൂർത്തിയായതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വ്യോമസേനയുടെയും നാവികസേനയുടെയും യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കൃത്യമായ ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയതെന്നും, ഇറാന്റെ ഭാഗത്തുനിന്ന് ഇനിയുണ്ടാകുന്ന പ്രകോപനങ്ങളെ പ്രതിരോധിക്കാൻ യുഎസ് സൈന്യം സജ്ജമാണെന്നും സെന്റകോം അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചർച്ചകൾക്ക് ശ്രമിക്കുന്നതിനിടയിലാണ് മേഖലയെ വീണ്ടും അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള ഈ സൈനിക നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.






